ആന്റോയുടെ ആഡംബരവീട്ടിലെ പോലീസ് റെയ്ഡ്; സിനിമാ ഷൂട്ടിങ്ങെന്ന് തെറ്റിദ്ധരിച്ച് സഞ്ചാരികൾ

#ന്യൂസ് ഡെസ്ക്
അഗസ്റ്റിന്‍ സഹോദരങ്ങളുടെ കാരാപ്പുഴയിലെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ | ഫോട്ടോ വി പി ഉല്ലാസ്/മാതൃഭൂമി
അഗസ്റ്റിന്‍ സഹോദരങ്ങളുടെ കാരാപ്പുഴയിലെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ | ഫോട്ടോ വി പി ഉല്ലാസ്/മാതൃഭൂമി

വാഴവറ്റ: സാമ്പത്തികത്തട്ടിപ്പിലും നികുതിവെട്ടിപ്പിലും അഗസ്റ്റിൻ സഹോദരങ്ങളുടെ കാരാപ്പുഴയിലെ വീട്ടിൽ നടന്ന റെയ്ഡിനെ സിനിമാ ഷൂട്ടിങ്ങെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരികൾ. കാരാപ്പുഴ ഡാമിലേക്കുള്ള റോഡരികിലെ വീട്ടുമുറ്റത്ത് വാഹനങ്ങളും ദൃശ്യമാധ്യമങ്ങളുടെ ക്യാമറകളും കണ്ടതോടെയാണ് മറ്റുജില്ലകളിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികൾ സിനിമാചിത്രീകരണമെന്ന് തെറ്റിദ്ധരിച്ചത്.

ടൂറിസ്റ്റ് ബസുകളിൽ ഉൾപ്പെടെയെത്തിയവർ വാഹനം നിർത്തി സിനിമാ ഷൂട്ടിങ്ങാണോ എന്ന് തിരക്കുകയും ചെയ്തു. അല്ലെന്ന് മറുപടികിട്ടിയതോടെ റെയ്ഡിനെക്കുറിച്ച് ചോദിച്ചുമനസ്സിലാക്കി. നാട്ടുകാരിൽ ചിലർമാത്രം വന്ന് മടങ്ങുകയും ചെയ്തു.

കളമശ്ശേരിയിൽ രജിസ്റ്റർചെയ്ത കേസിലാണ് ബുധനാഴ്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) കാരാപ്പുഴയിലെ മൂങ്ങനാനിയിൽ വീട്ടിലെത്തി പരിശോധന നടത്തിയത്. രാവിലെ ആറുമണിക്ക് തുടങ്ങിയ പരിശോധന രാത്രിയാണ് പൂർത്തിയായത്. വൈകീട്ട് ആറരയോടെ എസ്.ഐ.ടി. പരിശോധനയും നടപടിക്രമങ്ങളും പൂർത്തിയാക്കി മടങ്ങി. എന്നാൽ, വീട്ടിൽ സൂക്ഷിച്ച മദ്യം പിടികൂടിയ സംഭവത്തിൽ എക്‌സൈസിന്റെ നടപടിക്രമങ്ങൾ രാത്രി ഒൻപതുമണിയോടെയാണ് പൂർത്തിയായത്.

കാരാപ്പുഴ റിസർവോയറിന് സമീപമാണ് അഗസ്റ്റിൻ സഹോദരങ്ങളുടെ ആഡംബരവീട് സ്ഥിതിചെയ്യുന്നത്. 25-ലധികം മുറികളുള്ള വീടായതിനാൽ പരിശോധനയ്ക്കും ഏറെ സമയമെടുത്തു.

വീട്ടിലെയും സമീപത്തെ ഔട്ട്ഹൗസിലെയും ഇതരസംസ്ഥാനക്കാരായ ജീവനക്കാരാണ് റെയ്ഡിനായി എസ്.ഐ.ടി. സംഘം എത്തുമ്പോൾ ഉണ്ടായിരുന്നത്. റെയ്ഡ് നടക്കുന്നതിനിടെയാണ് ബന്ധുവായ ഒരാൾ എത്തിയത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർ അവധിദിവസങ്ങളിലൊക്കെയാണ് കാരാപ്പുഴയിലെ വീട്ടിൽ എത്താറുള്ളത്.

Content Highlights: SIT conducted a day-long raid at the Augustine brothers' luxury mansion in Karappuzha., Tourists mistook the police presence, cameras, and vehicles for a movie shoot., Excise department also seized alcohol from the premises during the search operations.