ആന്റോ അഗസ്റ്റിന് മൂന്നരയുടെ തീവണ്ടിക്ക് പോകണമെന്ന് പറഞ്ഞതിനാൽ മൊഴിയെടുപ്പ് നിർത്തിയെന്ന് രേഖ; പോയത് 4.32-ന് കാറിൽ

#ഇ.വി. ജയകൃഷ്ണൻ
ആന്റോ അഗസ്റ്റിൻ എക്സൈസ് കസ്റ്റഡിയിൽ
ആന്റോ അഗസ്റ്റിൻ എക്സൈസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ’ഈ ഘട്ടത്തിൽ ഞാൻ ആന്റോ അഗസ്റ്റിൻ ഇന്ന് വൈകുന്നേരം 3.30-ന് എറണാകുളത്തേക്കുള്ള മടക്ക ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നതിനാൽ ഇന്നത്തെ മൊഴി രേഖപ്പെടുത്തൽ ഈ ഘട്ടത്തിൽ അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. ബാക്കിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനായി പിന്നീടൊരു തീയതിയിൽ വീണ്ടും കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ മുൻപാകെ ഹാജരാകാമെന്ന് ഞാൻ ഉറപ്പ് നൽകുന്നു’- റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിൻ കഴിഞ്ഞമാസം മൂന്നിന് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസർ കെ.കെ. സജിനിക്ക് മുൻപാകെ നൽകിയ മൊഴിയുടെ അവസാനഭാഗത്ത് ഇങ്ങനെ പറയുന്നു. ഈ അഭ്യർഥന അനുസരിച്ചാണ് ചോദ്യംചെയ്യൽ നിർത്തിയതും ആന്റോയെ പോകാൻ അനുവദിച്ചതും.

എന്നാൽ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം ഓഫീസിനോട് ചേർന്നുള്ള ഹൊസ്ദുർഗ് പ്രാഥമിക കാർഷികവികസന ബാങ്കിന്റെ സി.സി.ടി.വി. ക്യാമറയിൽ ആന്റോ അഗസ്റ്റിൻ വരുന്നതും പോകുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കെ.എൽ. 07 ഒ.എച്ച്. 1111 നമ്പർ കാറിൽ രാവിലെ 11.02-നാണ് ഇയാൾ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസിലെത്തുന്നത്. വൈകീട്ട് 4.32-നാണ് മടങ്ങുന്നത്. പിന്നെന്തിനാണ് മൂന്നരയുടെ തീവണ്ടിയും മടക്കയാത്രയുമെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന ചോദ്യം ബാക്കിയാകുന്നു.

സാധാരണഗതിയിൽ ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചാലേ വിട്ടയക്കുകയുള്ളൂ. എത്ര മണിക്കൂറെടുത്താലും മുഴുവൻ വിവരങ്ങളും ശേഖരിക്കും. എന്നാൽ ആന്റോ അഗസ്റ്റിന്റെ കാര്യത്തിൽ നേരേ വിപരീതമായാണ് സംഭവിച്ചത്. നിരവധി ചോദ്യങ്ങളുമായെത്തിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഒൻപത് ചോദ്യങ്ങൾക്കേ ആന്റോ മറുപടി നൽകിയുള്ളൂ. ഇതിൽ ആദ്യ അഞ്ച് ചോദ്യങ്ങളും ആർ.ബി.സി.യെക്കുറിച്ചും മറ്റുമാണ്. ആറാമത്തെ ചോദ്യത്തിന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടാണ് സ്പോൺസർഷിപ്പ് ഏറ്റെടുത്തതും അർജന്റീന ഫുട്‌ബോൾ ടീമിനെയെത്തിക്കാൻ 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്കയച്ചതുമെന്ന ഉത്തരം നൽകുന്നത്. ഏഴും എട്ടും ഒൻപതും ചോദ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ കാണിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു രേഖയും കൊണ്ടുവന്നിട്ടില്ലെന്ന മറുപടിയാണ് നൽകിയത്.

2025 ഓഗസ്റ്റ് 29-നാണ് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസിൽനിന്ന് ആർ.ബി.സി.ക്ക് ആദ്യ സമൻസ് അയക്കുന്നത്. ആരും ഹാജരാകാത്തതിനാൽ സെപ്റ്റംബർ 17-ന് വീണ്ടുമൊരു സമൻസ് അയച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിലച്ചു. സർക്കാർ മാറിയതോടെ ഈ വർഷം ജൂലായ് മൂന്നിനും 13-നും 29-നും സമൻസുകൾ അയച്ചു. അവസാന സമൻസ് അയച്ചതിന്റെ അഞ്ചാംദിവസമാണ് ആന്റോ കാഞ്ഞങ്ങാട്ടെത്തി മൊഴിനൽകിയത്.

Content Highlights: Anto Augustine avoided prolonged GST interrogation in Kanhangad citing a fake train ticket excuse., CCTV footage revealed he left much later than the claimed train departure time., He answered only 9 questions and failed to provide documents for the 126 crore Argentina team sponsorship remittance.