‘വീട് എന്റേതല്ല, ഇവിടുത്തെ കാര്യങ്ങൾ അറിയില്ല’; തെളിവെടുപ്പിനിടയിലും നിലപാടിലുറച്ച് ആന്റോ അഗസ്റ്റിൻ

#സ്വന്തം ലേഖകൻ
ആന്റോ അഗസ്റ്റിൻ
ആന്റോ അഗസ്റ്റിൻ

സുൽത്താൻബത്തേരി: അബ്കാരി കേസിൽ എക്സൈസ് കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പിനായി വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിലെത്തിച്ചപ്പോഴും വീടിന്റെ ഉടമസ്ഥത തന്റേതല്ലെന്ന നിലപാടിലുറച്ച് പ്രതി ആന്റോ അഗസ്റ്റിൻ. ഈ വീട്ടിൽനിന്ന്‌ മദ്യം കണ്ടെടുത്ത മുറിയടക്കമുള്ളവയിൽ എക്സൈസ് സംഘം ആന്റോയുമായി തെളിവെടുപ്പ് നടത്തി. തന്റെ വീടല്ലെന്നും ഇവിടുത്തെ കാര്യങ്ങൾ അറിയില്ലെന്നും പറഞ്ഞ് തുടക്കത്തിൽ തെളിവെടുപ്പുമായി സഹകരിച്ചില്ലെന്നാണ് വിവരം.

ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ശനിയാഴ്ച ഉച്ചയോടെയാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യംചെയ്യുന്നതിനും മദ്യം കണ്ടെടുത്ത വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും മറ്റുമായി നാലുദിവസത്തേക്ക്‌ കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെങ്കിലും ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് മജിസ്ട്രേറ്റ് അഥീന ബിജു കസ്റ്റഡി അനുവദിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം പ്രതിയെ 1.10-ഓടെ മീനങ്ങാടി എക്സൈസ് ഓഫീസിലെത്തിച്ചു. 2.25-നാണ് വാഴവറ്റയിലെ വീട്ടിലെത്തിച്ചത്.

ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ഗേറ്റിനുമുന്നിൽ എക്സൈസ് വാഹനത്തിൽനിന്ന് ആന്റോയെ പുറത്തിറക്കി. രാവിലെ കോടതിയിലെത്തിയപ്പോൾ കേസിനെക്കുറിച്ച് പറയാനുണ്ടെന്നും കുറച്ചുകഴിയട്ടെയെന്നും ആന്റോ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഗേറ്റിനുമുന്നിൽ ഇക്കാര്യം സൂചിപ്പിച്ച മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും എക്സൈസ് ഓഫീസർ ഇടപെട്ട് തടഞ്ഞു. സംസാരിക്കേണ്ടെങ്കിൽ പിന്നെ ഇവിടെ നിർത്തേണ്ടല്ലോ വീടിനകത്തേക്ക് വാഹനം കയറ്റിവെച്ചാൽ മതിയായിരുന്നുവല്ലോയെന്ന് ആന്റോ എക്സൈസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. ഗേറ്റ് തുറക്കാൻവേണ്ടിയാണ് നിർത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോഴേക്കും ഗേറ്റ് തുറന്നു.

അകത്തുകയറി വീടിനടുത്തേക്ക് കുറച്ച് നടന്ന ആന്റോ നിന്നതോടെ ഒപ്പംകയറിയ മാധ്യമപ്രവർത്തകരോട് പുറത്തുപോകാൻ എക്സൈസും പോലീസും ആവശ്യപ്പെട്ടു. തുടർന്ന് വീടിനകത്ത് തെളിവെടുപ്പ് നടത്തി. എസ്.ഐ.ടി. സംഘത്തിലെ ചിലരും എത്തിയിരുന്നു. സാക്ഷികളെയും വീടിനകത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. വൈകീട്ട് 6.25-ഓടെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി ആന്റോയുമായി എക്സൈസ് സംഘം മടങ്ങിയത്. മദ്യശേഖരത്തിന്റെ ഉറവിടം, മറ്റാർക്കെങ്കിലും പങ്കുണ്ടോ, വ്യാജമദ്യ നിർമാണത്തിനുള്ള പദാർഥങ്ങൾ എവിടെനിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. മീനങ്ങാടി ഓഫീസിലേക്കാണ് ചോദ്യംചെയ്യലിനായി ആന്റോയെ കൊണ്ടുപോയത്.

അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. അറസ്റ്റുചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും മദ്യം കണ്ടെടുത്ത വീട് ആന്റോയുടേതല്ലെന്നും കണ്ടെടുത്ത മദ്യം ഇയാളുടെ സാന്നിധ്യത്തിലല്ല പിടിച്ചെടുത്തതെന്നും പ്രതിഭാഗം വാദിച്ചു. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ രേഖകളില്ലെന്നും അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശംവെക്കുന്നത് ജാമ്യംലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിഭാഗം അഭിഭാഷകൻ പി.ജെ. ആന്റണി വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. വിദേശമദ്യം നാട്ടിലെത്തിച്ചിട്ടുണ്ടെങ്കിൽ അതിന് നികുതിയടച്ചിട്ടുണ്ടാവുമെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം, പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുനശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും ചോദ്യംചെയ്യുന്നതിന് നാലുദിവസം കസ്റ്റഡി അനുവദിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ആൽക്കഹോൾ അടങ്ങിയ പാനീയം വീട്ടിൽത്തന്നെ നിർമിച്ചതാണോയെന്ന് പരിശോധിക്കണം. വിദേശനിർമിത വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം. ഇതുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പരിശോധിക്കണം. വീട് കോടികൾ മുടക്കി വാങ്ങിയവരെപ്പറ്റിയും അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഒരുദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചത്.