‘വയനാട് അടുത്ത അമേഠിയാകും’; രാഹുലിനും പ്രയങ്കയ്ക്കും ഏതിരായ പോസ്റ്ററുകളിൽ അന്വേഷണം ആരംഭിച്ച് പോലീസ്

#മാതൃഭൂമി ന്യൂസ്‌
രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍
രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍

കൽപ്പറ്റ: മുഖ്യമന്ത്രി തർക്കത്തിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരേ വയനാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കൽപ്പറ്റ പോലീസ്. ടി. സിദ്ധിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹൈക്കമാൻഡിന്റെയോ കെ.സി. വേണുഗോപാലിന്റെയോ നിർദേശപ്രകാരമാണ് ഈ പരാതി നൽകിയതെന്നാണ് സൂചന.

പോസ്റ്ററുകൾക്കു പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന ഇംഗ്ലീഷ് വാചകങ്ങളായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പോലീസ് സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഈ സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇംഗ്ലീഷിൽ ഡിടിപി ചെയ്ത പോസ്റ്ററുകളാണ് പലയിടത്തും പതിച്ചിരുന്നത്. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന്റെ ബോർഡിലാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. കൂടാതെ, വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ മുക്കം, കാരശ്ശേരി എന്നിവിടങ്ങളിലും സമാനമായ പോസ്റ്ററുകൾ പതിച്ചിരുന്നു.

Content Highlights: Posters targeting Rahul Gandhi and Priyanka Gandhi appeared in Wayanad., Kalpetta police initiated a formal investigation based on T. Siddique MLA's complaint., Authorities suspect organized planning behind the DTP-printed English posters., CCTV footage and mobile locations are being analyzed to identify the culprits.