തിടമ്പേറ്റുന്നതിനിടെ ആനയിടഞ്ഞു; യുവാവിനെ കാലിൽ പൊക്കി നിലത്തെറിഞ്ഞു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അന്നമനട: ഉത്സവ എഴുന്നള്ളിപ്പിന് ആനയുടെ മുകളിലേക്ക് തിടമ്പ് ഉയർത്താൻ സഹായിയായി നിന്ന യുവാവിനെ ആന കാലിൽ തൂക്കിയെടുത്ത് നിലത്തെറിഞ്ഞു. കാലുകളിൽ പിടിച്ച് തലകീഴായി ഉയർത്തിയശേഷമാണ് താഴേക്കിട്ടത്. മാമ്പ്ര എരയാംകുടി തുറനെല്ലൂർ മനയിൽ സജീവന്റെ മകൻ വിവേകി(26)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമല്ല. അന്നമനട മഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 9.30-നാണ് സംഭവം.
രാവിലത്തെ ശീവേലിക്ക് തിടമ്പേറ്റാനെത്തിയ അക്കിക്കാവ് കാർത്തികേയന്റെ മുകളിലേക്ക് തിടമ്പ് പിടിക്കേണ്ടയാൾ കയറിയശേഷമാണ് സംഭവം. ആനപ്പുറത്തുള്ളയാൾക്ക് കൈമാറാനായി വിവേക് തിടമ്പ് ഉയർത്തിപ്പിടിച്ചുനിൽക്കുന്നതിനിടെ ആന തിരിഞ്ഞ് വിവേകിന്റെ കാലുകളിൽ ചുറ്റി മുകളിലേക്ക് ഉയർത്തുകയും ഉടൻതന്നെ നിലത്തിടുകയുമായിരുന്നു. വീണ്ടും ആക്രമിക്കുന്നതിനുമുൻപ് കൊമ്പൻ കാർത്തികേയന്റെയും തൊട്ടപ്പുറത്തുണ്ടായിരുന്ന മറ്റൊരു ആനയുടെയും പാപ്പാന്മാർ പിറകിൽ തല്ലി ശ്രദ്ധ മാറ്റി. ഇതിനിടെ വിവേകിനെ മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആക്രമണത്തിനുശേഷം പ്രകോപനത്തോടെ നിലയുറപ്പിച്ച ആനയെ പഴമടക്കം ഭക്ഷ്യവസ്തുക്കൾ നൽകി ശാന്തമാക്കി. പനംപട്ട കൊടുത്ത് ആനയെ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, പട്ട വലിയ വാതിലിൽ തട്ടി അടഞ്ഞതോടെ ആന തിരിഞ്ഞ് നടയിലേക്കുതന്നെ തിരിച്ചെത്തിനിന്നു. സ്ഥലത്തെത്തിയ എലഫെന്റ് സ്‌ക്വാഡ് ആനയെ ചങ്ങലയിട്ട് തളച്ചു. ഏറെ നേരത്തിനുശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
Content Highlights: A 26-year-old youth named Vivek was injured by an elephant during a temple ritual., The incident occurred at the Annamanada Mahadeva Temple in Kerala., The elephant, Akkikavu Karthikeyan, attacked while the 'Thidambu' (idol) was being mounted., The youth was hospitalized but is not in critical condition., The elephant was later subdued by the Elephant Squad and removed from the premises.