ആൻ ടെസ്സ ഇറാന്‍ പിടിച്ചെടുത്തചരക്കുകപ്പലിൽ കുടുങ്ങിയത് നാട്ടിലേക്ക് മടങ്ങാനിരിക്കേ

വാഴൂർ: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലെ നാലാമത്തെ മലയാളി തൃശ്ശൂർ വെളുത്തൂർ സ്വദേശികളും കോട്ടയം കൊടുങ്ങൂരിൽ താമസക്കാരുമായ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകൾ ആൻ ടെസ ജോസഫ് (21). കൊടുങ്ങൂരിലെ വീട്ടിലേക്ക് അടുത്തദിവസം ആൻ ടെസ്സ എത്താനിരിക്കുകയായിരുന്നു.
ബി.എസ്‌സി. നോട്ടിക്കൽ സയൻസ് പാസായ ആൻ ടെസ്സ പരിശീലനത്തിന്റെ ഭാഗമായി ഒൻപതുമാസം മുൻപാണ് എം.എസ്.സി. ഏരിസ് എന്ന കപ്പലിൽ എത്തിയത്. വെള്ളിയാഴ്ച ഇവരുമായി കുടുംബാംഗങ്ങൾ സംസാരിച്ചിരുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നുകാട്ടി മുഖ്യമന്ത്രി, വിദേശകാര്യമന്ത്രിക്ക് അയച്ച കത്തിൽ മൂന്ന് മലയാളികൾ എന്നാണ് പറഞ്ഞിരുന്നത്. തന്റെ മകളുടെ പേര് വിട്ടുപോയതിൽ ഏറെ വിഷമമുണ്ടെന്ന് അച്ഛൻ ബിജു എബ്രഹാം പറഞ്ഞു. മകൾ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അധികൃതർ അറിയിച്ചതായും ബിജു എബ്രഹാം പറഞ്ഞു.
ശ്യാംനാഥിന്റെ മടക്കം വൈകിയത് പകരം ആളെത്താഞ്ഞതിനാൽ
കോഴിക്കോട്: പിടിച്ചെടുത്ത കപ്പലിലകപ്പെട്ട കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി, കപ്പലിലെ സെക്കൻഡ് എൻജിനിയർ ശ്യാംനാഥ് തേലാംപറമ്പത്ത് ഇതേ കമ്പനിയിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 10 വർഷം. കഴിഞ്ഞ പ്രാവശ്യം ലീവിനുവന്നശേഷം കല്യാണംകഴിഞ്ഞ് സപ്തംബറിലാണ് ശ്യാംനാഥ് തിരിച്ചുപോയത്. ഫെബ്രുവരിയിൽ വരാനിരിക്കുന്പോൾ ലീവിനുപോയ ഒപ്പമുണ്ടായിരുന്ന എൻജിനിയർ തിരിച്ചുവരാത്തതിനാൽ യാത്ര മുടങ്ങുകയായിരുന്നു. അടുത്ത മാസം തിരിച്ചുവരാനിരിക്കയായിരുന്നു.
ശനിയാഴ്ച രാവിലെയും ശ്യാംനാഥ് കുടുംബത്തോട് സംസാരിച്ചിരുന്നു. ഞായാഴാഴ്ച രാവിലെ മുംബൈയിൽനിന്ന് എം.എസ്.സി. കപ്പല്‍ കമ്പനിയുടെ അധികൃതർ വീട്ടിലേക്കുവിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന് ശ്യാംനാഥിന്റെ അച്ഛൻ വിശ്വനാഥന്‍ മേനോൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു.
കുടുംബം കാത്തിരിക്കുന്നു, സുമേഷിന്റെ ഫോണ്‍വിളിക്കായി
കേരളശ്ശേരി: ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന കേരളശ്ശേരി വടശ്ശേരി സുമേഷില്‍നിന്ന് എന്തെങ്കിലും വിവരത്തിനായി കാത്തിരിക്കുകയാണ് അച്ഛന്‍ വടശ്ശേരി ദേവസ്വംതൊടി ശിവരാമനും കുടുംബാംഗങ്ങളും. എം.എസ്.സി. ആരിഫ് എന്ന പേരുള്ള, ഇസ്രയേല്‍കാരുടെ ഉടമസ്ഥതയിലുള്ള കപ്പലില്‍ അഞ്ചുമാസം മുമ്പാണ് സുമേഷ് (31) ജോലിക്ക് പ്രവേശിച്ചത്. തേഡ് എന്‍ജിനിയറാണ് സുമേഷ്.
മുംബൈയിലുള്ള സഹോദരിയുമായി ഏപ്രില്‍ 12ന് സുമേഷ് സംസാരിച്ചിരുന്നു. ഏപ്രില്‍ 13ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇറാന്‍ സൈനികര്‍ കപ്പല്‍ പിടിച്ചെടുത്തതെന്ന് കരുതുന്നതായി അച്ഛന്‍ പറഞ്ഞു. കപ്പലില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്നത് സഹിതമുള്ള വീഡിയോ സഹോദരിക്ക് അയക്കുകമാത്രമാണ് പിന്നീടുണ്ടായത്. തുടര്‍ന്ന്, യാതൊരു വിവരവും ലഭിച്ചിട്ടില്ല. ജൂണ്‍ജൂലൈ മാസങ്ങളിലാണ് സുമേഷ് നാട്ടിലെത്തേണ്ടിയിരുന്നത്. തിങ്കളാഴ്ച നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നതായും സുമേഷ് സുരക്ഷിതനാണെന്ന് അറിയിച്ചതായും ശിവരാമന്‍ പറഞ്ഞു. സുമേഷിന്റെ ഭാര്യ നിഖിലയും മകള്‍ വൈദേഹിയും അടങ്ങുന്ന കുടുംബം സുമേഷില്‍നിന്നുള്ള ഫോണ്‍വിളിയും കാത്തിരിക്കുകയാണ്.
Content Highlights: ann tessa joseph keralite got stuck in iran seized israeli cargo