നിതിൻ രാജിന്റെ മരണം: ഡോ. കെ. റാമിനെ കണ്ണൂർ ഡെന്റൽ കോളേജിൽനിന്ന് പുറത്താക്കി

#ന്യൂസ് ഡെസ്‌ക്
ആര്‍.എല്‍. നിതിന്‍രാജ്, ഡോ. കെ. റാം
ആര്‍.എല്‍. നിതിന്‍രാജ്, ഡോ. കെ. റാം

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ ഡോ. കെ. റാമിനെ പുറത്താക്കി. വ്യാഴാഴ്ചയാണ് കോളേജ് മാനേജ്‌മെന്റ് ഡോ. റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. 

നേരത്തേ ചൊവ്വാഴ്ച ചേർന്ന കോളേജ് മാനേജ്മെന്റിന്റെ യോഗത്തിൽ അധ്യാപകനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തിരുന്നു. മാനേജ്‌മെന്റ് ഇക്കാര്യം കോളേജിൽ സമരം ചെയ്ത വിദ്യാർഥികളെ അനൗദ്യോഗികമായി അറിയിക്കുകയും ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. പിന്നാലെ വ്യാഴാഴ്ച മാനേജ്‌മെന്റ് റാമിനെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് നടപടി.

അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 

നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. ഡോ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും നേരത്തേ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

അതേസമയം, ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുള്ളത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.

Content Highlights: Dr. K. Ram terminated from Anjarakandy Dental College in 2026, Official action taken following intense student protests, Police registered cases for abetment of suicide and SC/ST Act violations, Investigation continues against Dr. Sangeetha Nambiar, Accused professor currently absconding from law enforcement