'കരുവന്നൂർ കഴിഞ്ഞാൽ ഇടുക്കിയിലേക്ക്, ബാങ്ക് തട്ടിപ്പുകളെല്ലാം പുറത്തുകൊണ്ടുവരും'- അനിൽ അക്കര

അനില്‍ അക്കര
അനില്‍ അക്കര

പാലക്കാട്: സി.പി.എം. സംസ്ഥാനസമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ അഴിമതിയുടെ കമ്മിഷൻ പറ്റുന്നയാളാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റെ പരിധിയ്ക്ക് പുറത്താണ് എം.കെ. കണ്ണന്റെ കേസ് വരാൻ പോകുന്നതെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ കണ്ണൻ ഹാജരാക്കട്ടെയെന്നും ബാക്കി കെളിവുകൾ താൻ കൊടുത്തോളാമെന്നും അനിൽ അക്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു.    

'ഈ ജില്ലയിലെ മുഴുവൻ സിപിഎംകാരുടെ അഴിമതി പുറത്തുകൊണ്ടുവരികയാണ്. ഇതുകഴിഞ്ഞാൽ ഞാൻ പോകുന്നത് ഇടുക്കി ജില്ലയിലേക്കാണ്. എം.എം. മണി ഉൾപ്പെടെയുള്ള പന്ത്രണ്ട് പ്രധാനപ്പെട്ട സി.പി.എം. നേതാക്കളുടെ വിവിധ ബാങ്കുകളിലെ 600 കോടി രൂപയുടെ തട്ടിപ്പിന്റെ അന്വേഷണത്തിലാണ്. അനിൽ അക്കരെയുടെ ലോണും അനിൽ അക്കരെയുടെ അപ്പൻറേയും അപ്പാപ്പൻറേയും ലോണും വെച്ച് സിപിഎം അളക്കാൻ നിക്കണ്ട. ഞാനിത് ഫിനിഷ് ചെയ്തിട്ടേ പോകൂ', അനിൽ അക്കര പറഞ്ഞു.  

താനിനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ അനിൽ അക്കര വടക്കാഞ്ചേരി നിയമസഭ തിരഞ്ഞെടുപ്പിൽ താൻ തോറ്റതിനേക്കാൾ കൂടുതൽ വോട്ടിന് യു.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നാതാണ് തന്റെ പ്രധാനലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. അനിൽ അക്കരെയുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് എങ്ങനെയാണെന്ന് ആലത്തൂർ തിരഞ്ഞെടുപ്പിൽ ചിലർക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

Content Highlights: Anil Akkara, M K Kannan, Karuvannur Bank Scam