'കരുവന്നൂർ കേസിൽ ഇ.ഡി പറഞ്ഞ മുൻ എം.പി. പി.കെ. ബിജു'; ആരോപണവുമായി അനിൽ അക്കര

പി.കെ. ബിജു, അനില്‍ അക്കര | ഫോട്ടോ: മാതൃഭൂമി
പി.കെ. ബിജു, അനില്‍ അക്കര | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുക്കേസിൽ മുൻ എം.പി. പി.കെ. ബിജുവിനെതിരെ ഗുരുതര ആരോപണവുമായി വടക്കാഞ്ചേരി മുൻ എം.എൽ.എ. അനിൽ അക്കര. കേസിലെ ഒന്നാം പ്രതി തൃശ്ശൂർ കോലഴി സ്വദേശി പി.സതീഷ് കുമാർ പി.കെ. ബിജുവിന്റെ മെന്ററാണെന്ന് അനിൽ അക്കര ആരോപിച്ചു. സതീഷിനെതിരായ ആരോപണം അന്വേഷിക്കാൻ പി.കെ. ബിജുവിനെയാണ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

'കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി. കോടതിയിൽ പറയാതെ പറഞ്ഞ മുൻ എം.പി. ആലത്തൂരിൽനിന്നുള്ള മുൻ ലോക്‌സഭാംഗം പി.കെ. ബിജുവാണ്. 2009-ൽ ജയിച്ചശേഷം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ എം.പി. ഓഫീസ് അടക്കം പ്രവർത്തിച്ചത്. 2014-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം വടക്കഞ്ചേരിയിൽനിന്ന് മാറി തൃശ്ശൂർ പാർളിക്കാട്ടെ കോട്ടാര സദൃശ്യമായ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റി. വീടിന്റെ എല്ലാ ഉത്തരവാദിത്തവും ചുമതലയും വഹിച്ചത് കേസിൽ അറസ്റ്റിലാവാൻ പോകുന്ന, പ്രദേശത്തെ ഇപ്പോഴുള്ള വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കൂടിയായ പി.ആർ. അരവിന്ദാക്ഷനാണ്', അനിൽ അക്കര പറഞ്ഞു.

ബാങ്ക് വായ്പത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുമായി ഒരു എം.എൽ.എയ്ക്കും മുൻ എം.പിക്കും അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി. കോടതിയിൽ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളിൽ സതീഷ് കുമാറിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിന്റെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധമുള്ള പ്രതി 500 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടത്തിയതെന്നും കോടതിയിൽ ഇ.ഡി. അറിയിച്ചിരുന്നു. എന്നാൽ, സതീഷ്‌കുമാറുമായി ബന്ധമുള്ള ജനപ്രതിനിധികളുടേയും പോലീസ് ഉദ്യോഗസ്ഥന്റേയും പേരുകൾ ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: anil akkara karuvannur cooperative bank scam ed remand report former mp pk biju