അങ്കമാലിയിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത് എന്നാണ് വിവരം. ആന മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ്.
തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.
ഈ ഘട്ടത്തിൽ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചത്. രണ്ടുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആനയുടെ ചവിട്ടേറ്റാണ് ഒരാൾ മരിച്ചത്. ഇയാളുടെ മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ് ആന.
പരിക്കേറ്റ മറ്റൊരാളുടെ നിലയും ഗുരുതരമാണ് എന്നാണ് വിവരം. ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Content Highlights: Fatal elephant rampage at Kidangoor Sri Mahavishnu Temple, Truck driver killed during the incident, Two individuals sustained injuries, one in critical condition, RRT (Rapid Response Team) is currently on-site attempting to secure the elephant, Elephant remains near the site of the incident