വയനാട് തുരങ്കപാത നിർമാണം ത്വരിതഗതിയിൽ; ഇരുഭാഗങ്ങളിലും പ്രവൃത്തി, പാറ പൊട്ടിക്കാനുള്ള യന്ത്രങ്ങളെത്തി

തിരുവമ്പാടി: മലയോര, കുടിയേറ്റ നിവാസികളുടെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണപ്രവൃത്തികൾ ത്വരഗതിയിൽ മുന്നേറുന്നു. തുരങ്കം നിർമിക്കുന്നതിനാവശ്യമായ യന്ത്രങ്ങളെത്തിക്കുന്നതിനായി താത്കാലിക പാലംപണിയുടെ മുന്നോടിയായി മറിപ്പുഴയിൽ ചപ്പാത്തുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പദ്ധതിപ്രദേശത്ത് വൈദ്യുതിയെത്തിക്കുന്നതിനായി ട്രാൻസ്ഫോർമറുകൾ എത്തിക്കഴിഞ്ഞു. തുരങ്കമുഖത്തും പരിസരങ്ങളിലും പൈലിങ് നടത്തി മണ്ണിന്റെ ഘടനപരിശോധന തുടരുകയാണ്. തൊഴിലാളികൾക്ക് താമസിക്കാനുള്ള ലേബർ ക്യാമ്പുകളുടെ നിർമാണവും നടക്കുന്നുണ്ട്. ഒരേസമയം ഇരുധ്രുവത്തിൽനിന്നും തുരങ്കം നിർമിച്ചുപോകുന്നതാണ് പദ്ധതി.
വയനാട്ടിലെ മേപ്പാടി ഭാഗത്തും നിർമാണപ്രവൃത്തികൾ തകൃതിയാണ്. പാറതുളയ്ക്കുന്നതിനുള്ള ഭീമൻയന്ത്രം കഴിഞ്ഞദിവസം മേപ്പാടിയിലെത്തി. സാൻഡ് വിക് കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗർ എന്നുപേരുള്ള ഭീമൻയന്ത്രമാണ് വയനാട്ടിലെത്തിയത്. തുരങ്കപാത നിർമിക്കുമ്പോൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതിന് കൃത്യമായ ദ്വാരങ്ങളുണ്ടാക്കുകയാണ് യന്ത്രങ്ങളുടെ ദൗത്യം. തുരങ്കപാത ആരംഭിക്കുന്ന മീനാക്ഷിയിൽ യന്ത്രങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലമൊരുക്കൽ പ്രവൃത്തിയും നടക്കുന്നുണ്ട്. ഋഷികേശിൽനിന്ന് റോഡുമാർഗം 15 ദിവസം യാത്രചെയ്താണ് യന്ത്രങ്ങൾ വയനാട്ടിലെത്തിച്ചത്. ഇവിടെ തൊഴിലാളികൾക്ക് താമസിക്കാനുള്ള ലേബർ ക്യാമ്പുകൾ ഒരുങ്ങുന്നുണ്ട്.
നാലുവർഷംകൊണ്ട് യാഥാർഥ്യമാകും
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെതന്നെ വികസനക്കുതിപ്പിനാകും നാഴികക്കല്ലാകുക. കഴിഞ്ഞ ഓഗസ്റ്റ് 31-ന് ആനക്കാംപൊയിലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനംചെയ്തത്. ആനക്കാംപൊയിലിൽനിന്ന് കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനുതകും.
നാലുവർഷംകൊണ്ട് പദ്ധതി യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിഡബ്ല്യുഡി എക്സിക്യുട്ടീവ് എൻജിനീയർ വി.കെ. ഹാഷിം ‘മാതൃഭൂമി’യോട് പറഞ്ഞു. ഏതു കാലാവസ്ഥയിലും സുഗമമായ സഞ്ചാരമാർഗമെന്നതാണ് പാതയുടെ സവിശേഷത. താമരശ്ശേരി ചുരത്തിന്റെ ബദലായാണ് നാലുവരി തുരങ്കപാത. ചുരത്തിലെ സങ്കീർണമായ ഗതാഗതപ്രശ്നത്തിന് വലിയ അളവിൽ ആശ്വാസമാകുന്നതാണ് തുരങ്കപാത. പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപനപാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് (എസ്എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്ന് പത്തുകിലോമീറ്റർമാത്രമാണ് ദൂരം.
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്‌കോൺ കമ്പനിക്കും മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കുകുറുകെ നിർമിക്കുന്ന നാലുവരി ആർച്ച് സ്റ്റീൽ പാലത്തിന്റെ കരാർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിക്കുമാണ്.
2134 കോടിരൂപയാണ് പദ്ധതിച്ചെലവ്. ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് തുരങ്കപാതയെന്ന് സ്ഥലം സന്ദർശിച്ച നോർവീജിയൻ വിദഗ്ധസംഘം വിലയിരുത്തിയിരുന്നു. നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡൊമിനിക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2022 നവംബറിൽ സ്ഥലം സന്ദർശിച്ചത്.
Content Highlights: Kerala's Ambitious Tunnel Highway: Key Milestones Achieved in Anakkampoyil-Meppadi Project