തുരങ്കപാത പ്രവൃത്തി ദ്രുതഗതിയിൽ; വലതുവശത്തെതുരങ്കം അൻപതുമീറ്റർ തുരന്നു, 24 മണിക്കൂറും പ്രവൃത്തി

#സ്വന്തം ലേഖകൻ
• നിർമാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ മറിപ്പുഴ തുരങ്കമുഖത്തുനിന്നുള്ള ദൃശ്യം
• നിർമാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ മറിപ്പുഴ തുരങ്കമുഖത്തുനിന്നുള്ള ദൃശ്യം

തിരുവമ്പാടി: മലബാറിന്റെ വികസനക്കുതിപ്പിന്‌ പുതിയ വഴിത്തിരിവുണ്ടാക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇരട്ടത്തുരങ്കത്തിന്റെ വലതുവശത്തെ തുരങ്കം അൻപതുമീറ്ററിലധികം തുരന്നുകഴിഞ്ഞു. ഇടതുവശത്തെ തുരങ്കത്തിന്റെ പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. മറുഭാഗത്ത് വയനാട് മേപ്പാടി കള്ളാടി ഭാഗത്തും നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് തുടക്കത്തിൽ പാറകളില്ല. മലയോരത്ത് ഇടമുറിയാതെ മഴപെയ്യുന്നുണ്ടെങ്കിലും നിർമാണപ്രവൃത്തിയെ ഒരിക്കലും പ്രതികൂലമായി ബാധിച്ചിട്ടില്ല. രാത്രിയും ജോലി തകൃതിയാണ്. 24 മണിക്കൂർ ഷിഫ്റ്റിലാണ് പണിപുരോഗമിക്കുന്നത്. ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡിലാണ് തുരങ്കപാത നിർമാണം.

കഴിഞ്ഞ മാർച്ച് ആറിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കംകുറിച്ചത്. മറിപ്പുഴയിൽ താത്കാലികപാലത്തിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. 2134.5 കോടി രൂപ വിനിയോഗിച്ചാണ് തുരങ്കപാതയുടെ നിർമാണം. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ കമ്പനിയും സ്റ്റീൽ ബോസ്ട്രിങ് പാലത്തിന്റെ കരാർ ഹരിയാണ ആസ്ഥാനമായ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്.

മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകേ പണിയുന്ന ഈ പാലത്തിന്റെ നിർമാണം വൈകാതെ തുടങ്ങുമെന്ന് നോഡൽ ഓഫീസറുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി എക്സിക്യുട്ടീവ് എൻജിനിയർ സി.ആർ. സജിത്ത് ‘മാതൃഭൂമി’യോട് പറഞ്ഞു.

8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയാണ് നിർമിക്കുന്നത്. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജൂൺ 21-ന് പരിസ്ഥിതി ഉന്നതാധികാരസമിതി സ്ഥലം സന്ദർശിക്കും.

Content Highlights: Construction is ongoing 24/7 using the New Austrian Tunneling Method (NATM)., The project covers an 8.735 km stretch with a budget of 2134.5 crore rupees., The right tunnel has reached over 50 meters of excavation progress., Project completion is expected within a four-year timeframe.