ഗൗതമിനായുള്ള തിരച്ചിലിന് സഹായകമേകി അമൃതാനന്ദമയി മഠം; അമൃതപുരിയിൽ ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമിച്ചു

#ന്യൂസ് ഡെസ്ക്
മാതാ അമൃതാനന്ദമയി മഠം നിർമ്മിച്ച ഹെലിപാഡ്
മാതാ അമൃതാനന്ദമയി മഠം നിർമ്മിച്ച ഹെലിപാഡ്

കൊല്ലം: കടലിൽ കാണാതായ ഗൗതമിനായുള്ള തിരച്ചിലിന് സഹായകമേകി മാതാ അമൃതാനന്ദമയി മഠം. തിരച്ചിൽ ഊർജിതമാക്കാൻ നാവികസേനയെ സഹായിക്കുന്നതിനായി മാതാ അമൃതാനന്ദമയി മഠം ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിർമിച്ചു. കൊല്ലം അമൃതപുരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിലാണ് രക്ഷാപ്രവർത്തനത്തിനായി ഹെലിപാഡ് ഒരുക്കിയത്.

കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ കളക്ടറുടെയും പ്രത്യേക അഭ്യർഥന പ്രകാരം, മാതാ അമൃതാനന്ദമയീ ദേവിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ് അടിയന്തര പ്രവർത്തനം ആരംഭിച്ചത്. ശനിയാഴ്ച രാത്രി നിർദേശം ലഭിച്ചതിനെ തുടർന്ന് അമൃതാനന്ദമയി മഠത്തിലെയും അമൃത സർവകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും രാത്രി മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു.

പ്രാദേശിക കരാറുകാരിൽനിന്ന് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുകയും ഇൻ്റർലോക്കുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ എത്തിക്കുന്നതിനായി ആശ്രമത്തിലെ വാഹനങ്ങൾ രാത്രി മുഴുവൻ സർവീസ് നടത്തുകയും ചെയ്തു. കഠിനപ്രയത്നത്തിനൊടുവിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഹെലിപാഡിന്റെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറി.

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അടിയന്തരമായി നിർമിച്ച ഈ ഹെലിപാഡ് സൗകര്യം നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും ഗൗതമിനായുള്ള തിരച്ചിൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.

Content Highlights: Mata Amritanandamayi Math built an emergency helipad overnight at Amrita Engineering College ground., Constructed upon special request by Union Minister Suresh Gopi and the District Collector under Amritanandamayi Devi's guidance., Aids the Navy and Coast Guard in the ongoing search for missing fisherman Gautham Krishna entering its tenth day., Volunteers and staff worked through the night using ashram vehicles and local contractors to complete construction by morning.