രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടംവെച്ച് വണങ്ങി അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് സമർപ്പിക്കാനെത്തിയപ്പോൾ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ തുടങ്ങിയവർ സമീപം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് സമർപ്പിക്കാനെത്തിയപ്പോൾ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ തുടങ്ങിയവർ സമീപം

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊന്നിൻകുടംവെച്ച് വണങ്ങി. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം കണ്ണൂർ വിമാനത്താവളം വഴി വൈകീട്ട് ക്ഷേത്രത്തിലെത്തിയത്. രാജരാജേശ്വരനെ വണങ്ങിയശേഷം ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥനെ തൊഴുത് തേങ്ങയുടച്ചു. ക്ഷേത്രത്തിലെ ആനയായ ഗണപതിയെയും കണ്ടു. കർണാടക മുൻ മുഖ്യമന്ത്രി യദ്യൂരപ്പ 20 വർഷം മുൻപാണ് ഗണപതിയെ ക്ഷേത്രത്തിൽ നടയിരുത്തിയത്. ക്ഷേത്രനടയിൽ അടുത്തിടെ അനാവരണം ചെയ്ത ശിവന്റെ വെങ്കലശില്പത്തെയും അമിത് ഷാ തൊഴുത് വലംവെച്ചു.

ക്ഷേത്രം അഭിവൃദ്ധിപ്പെടുത്താൻ ദൈവത്തിന്റെ എല്ലാ സഹായങ്ങളുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സെക്രട്ടറി കെ. രഞ്ചിത്ത്, നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ, അജി കരിയിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അമിത്ഷായെ ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, എക്‌സിക്യുട്ടീവ് ഓഫീസർ ടി.എസ്. സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ട്രസ്റ്റി അംഗങ്ങളും ജീവനക്കാരും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ച് ഉപഹാരം നൽകി. 5.40-ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം 6.32 വരെ ക്ഷേത്രത്തിൽ ചെലവഴിച്ചു. കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് ടൗണിലും നൂറുകണക്കിന് ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് വരവേൽപ്പ് നൽകി. പുഷ്പവൃഷ്ടിയോടെയാണ് തളിപ്പറമ്പിൽ പ്രവർത്തകർ സ്വീകരിച്ചത്.

Content Highlights: amit shah visit rajarajeshwara temple kannur