അർജന്റീന അറിഞ്ഞില്ല; മന്ത്രിയും സംഘവും സ്പെയിൻ കണ്ട് മടങ്ങി

അർജന്റീനാ അധികൃതരെ കാണാനെന്നപേരിൽ മുൻ മന്ത്രി വി. അബ്ദുറഹ്‌മാനും സംഘവും സ്പെയിൻ യാത്ര നടത്തിയതിൽ സർക്കാരിന് നഷ്ടം 13 ലക്ഷം രൂപ. 2024 സെപ്റ്റംബർ ആറിനാണ് അബ്ദുറഹ്‌മാൻ, അന്നത്തെ കായികസെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ വിഷ്ണുരാജ് എന്നിവർ സ്പെയിനിൽ അർജന്റീനാ ഫുട്‌ബോൾ അസോസിയേഷൻ (എ.എഫ്.എ.) അധികൃതരെ സന്ദർശിച്ചതായി അവകാശപ്പെട്ടത്.
മഡ്രിഡിൽ കൂടിക്കാഴ്ച നടന്നെന്ന് മന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. എ.എഫ്.എ. അധികൃതർ ഉടൻ കേരളം സന്ദർശിക്കുമെന്നും ഫുട്‌ബോൾ അക്കാദമികൾ സ്ഥാപിക്കാൻ താത്‌പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. കേരളസന്ദർശനത്തെക്കുറിച്ചോ മത്സരങ്ങളെക്കുറിച്ചോ അർജന്റീന അധികൃതർക്ക് ധാരണയുണ്ടായിട്ടില്ലെന്നാണ് പിന്നീടുണ്ടായ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. സംസ്ഥാന കായികവികസന നിധിയിൽനിന്നാണ് യാത്രച്ചെലവായ 13 ലക്ഷം നൽകിയത്.
അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് അമീറ ഐഷാ ബീഗം
പൊന്നാനി: മുൻമന്ത്രി വി. അബ്ദുറഹിമാനുവേണ്ടി അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയിരുന്നത് താനായിരുന്നുവെന്ന് പൊന്നാനി എം.ഇ.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ അമീറ ഐഷാ ബീഗം. മെസ്സിയുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷന് അയച്ചിരുന്ന ഇ-മെയിലുകളുടെ പകർപ്പ് അവർക്ക് അയക്കാനുണ്ടായ കാരണം വിശദീകരിക്കുകയായിരുന്നു അമീറ ഐഷാ.
‘മെസ്സിയുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, മാർക്കറ്റിങ് ഹെഡ് ലിയാൻഡ്രോ പീറ്റേഴ്‌സൺ എന്നിവരുമായാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇ-മെയിൽ അയക്കാനുള്ള മാറ്ററുകൾ മന്ത്രിക്കുവേണ്ടി ഞാനാണ് തയ്യാറാക്കിയിരുന്നത്’ -അമീറ ഐഷാ ബീഗം ‘മാതൃഭൂമി’യോട് പറഞ്ഞു.
ഭർത്താവിന്റെ സുഹൃത്ത് മുഖേനയാണ് മന്ത്രിയെ പരിചയപ്പെടുന്നത്. ഫുട്‌ബോൾ തനിക്കും ആവേശമാണ്. ഖത്തറിൽ ലോകകപ്പ് കാണാൻപോയിരുന്നു. അസോസിയേഷനുമായി സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ആവേശത്തോടെ സ്വീകരിച്ചതാണെന്നും ഇത് പ്രതിഫലംവാങ്ങി ചെയ്ത കാര്യമല്ലെന്നും അമീറ ഐഷാ ബീഗം പറഞ്ഞു.
Content Highlights: Ameera Aisha Beegham assisted former minister V. Abdurahiman in communicating with the Argentina Football Association., She drafted emails for international relations head Pablo Dias and marketing head Leandro Peterson., Controversy arose regarding a 13-lakh government-funded Spain trip where AFA officials reportedly had no prior knowledge of the visit.