തലയോട്ടി മാറ്റിവെച്ച യുവാവിന്റെ തുടർചികിത്സ; ആംബുലൻസ് 150 കി.മീ പിന്നിട്ടത് രണ്ടേക്കാൽ മണിക്കൂറിൽ

വിഷ്ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ
വിഷ്ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ

തൊടുപുഴ: തലയോട്ടി മാറ്റിവെച്ച യുവാവിനെ തുടർചികിത്സയ്ക്കായി കൊല്ലത്തുനിന്ന് തൊടുപുഴയിലെത്തിക്കുക എന്നത് വിഷമംപിടിച്ച ദൗത്യമായിരുന്നു. സമയം വൈകിയാൽ, ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് എന്തും സംഭവിക്കാം. പക്ഷേ, നാടും അധികൃതരും ഒരുമിച്ച് ‘യെസ്’ പറഞ്ഞപ്പോൾ ആ യാത്ര ചരിത്രമായി. തിരക്കേറിയ റോഡിലൂടെ 150 കിലോമീറ്റർ സഞ്ചരിക്കാൻ നാലുമണിക്കൂർ വേണമെന്നിരിക്കേ, രണ്ടേകാൽ മണിക്കൂർകൊണ്ട് രോഗിയുമായി ആംബുലൻസ് ആ ദൂരം താണ്ടി.

കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കരിമണ്ണൂർ തട്ടക്കുഴ സ്വദേശി വിഷ്ണു(29)വിനെയാണ് റോഡുമാർഗം തൊടുപുഴയിലെ ഹോളിഫാമിലി ആശുപത്രിയിലെത്തിച്ചത്. കൊല്ലത്ത് ഹോട്ടലിൽ ഷെഫായി ജോലിചെയ്യുകയായിരുന്ന വിഷ്ണു ഓഗസ്റ്റ് 15-നാണ് ബൈക്കപകടത്തിൽപ്പെട്ടത്. തലയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസത്തിലധികമായി ഇവിടെയായിരുന്നു ചികിത്സ.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ തലയോട്ടി മാറ്റി പ്രത്യേക ഫ്രീസിങ് സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ചുമാത്രമേ ഇത് തിരിച്ചുവെക്കൂ. ചികിത്സാസൗകര്യാർഥമാണ് വിഷ്ണുവിനെ തൊടുപുഴയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

കൊല്ലത്തെ ആശുപത്രിയിൽനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 11.56-ഓടെ ആംബുലൻസ് പുറപ്പെട്ടു. വൈകീട്ട് നാലോടെ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, അഞ്ച് ജില്ലയിലൂടെ കടന്ന് ആംബുലൻസ് 2.20-ന് ലക്ഷ്യസ്ഥാനത്തെത്തി.

കൊല്ലം-കൊട്ടാരക്കര-അടൂർ-പന്തളം-ചെങ്ങന്നൂർ-തിരുവല്ല-കോട്ടയം-പാലാ-തൊടുപുഴ-മുതലക്കോടം വഴിയായിരുന്നു യാത്ര. പോകുന്ന പാതകളിലെല്ലാം യാത്രക്കാർക്കുവേണ്ട മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നിട്ട വഴിയിലുടനീളം നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും പോലീസുദ്യോഗസ്ഥരും ആംബുലൻസ് സംഘടനയിലെ ആളുകളും വേണ്ട സജ്ജീകരണം ഒരുക്കി.

ചിലയിടങ്ങളിൽ നേരിയ ബ്ലോക്ക് നേരിട്ടതല്ലാതെ, എല്ലായിടത്തും ആംബുലൻസിന് പോകാൻവേണ്ട സംവിധാനം ഒരുക്കിയിരുന്നതായി ഇത് ഓടിച്ചിരുന്ന മുഹമ്മദ് ഫസൽ പറയുന്നു. ഫസലിനൊപ്പം കോഡിനേറ്ററായി അൻസാരി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സമീഷ് മാർക്കോസ് എന്നിവരും ഉണ്ടായിരുന്നു. വിഷ്ണുവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചതായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രി എമർജൻസി വിഭാഗത്തിലെ ഡോ. അത്തീഖ് അറിയിച്ചു.

Content Highlights: A man who underwent skull removal surgery was transported 150km from Kollam to Thodupuzha in 2.5 hours for further treatment.