രോഗിയുമായി പോയ ആംബുലന്‍സ് ചെളിക്കുഴിയില്‍ കുടുങ്ങി തകരാറിലായി, സംഭവം കരുവന്നൂരില്‍

കരുവന്നൂർ ചെറിയപാലം ഭാഗത്ത് ചെളിക്കുഴിയിൽ കുടുങ്ങിയ ആംബുലൻസിൽനിന്ന് രോഗിയെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റുന്നു
കരുവന്നൂർ ചെറിയപാലം ഭാഗത്ത് ചെളിക്കുഴിയിൽ കുടുങ്ങിയ ആംബുലൻസിൽനിന്ന് രോഗിയെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റുന്നു

കരുവന്നൂര്‍ (തൃശ്ശൂര്‍): റോഡിന്റെ ഒരുഭാഗത്ത് കോണ്‍ക്രീറ്റ് പണികള്‍ നടക്കുന്ന കരുവന്നൂര്‍ ചെറിയപാലം ഭാഗത്ത് രോഗിയുമായി വന്ന ആംബുലന്‍സ് ചെളിക്കുഴിയില്‍ കുടുങ്ങി തകരാറിലായി.

നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സ് തള്ളിനീക്കിയശേഷം മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിലാക്കിയത്. ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴിയില്‍ പെട്ടു. ആംബുലന്‍സിന്റെ മുന്‍ഭാഗം ചെളിയില്‍ മുങ്ങി വാഹനം തകരാറിലാകുകയായിരുന്നു.

പല വാഹനങ്ങളും ഇത്തരത്തില്‍ കുഴിയില്‍ അകപ്പെട്ടതുകാരണം പ്രദേശത്ത് ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. റോഡുപണി നടക്കുന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹങ്ങള്‍ക്കുമാത്രമാണ് ഇതുവഴി പ്രവേശനം. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തുനിന്ന് വളരെ താഴ്ന്ന നിലയിലാണ് വാഹനങ്ങള്‍ പോകുന്ന ഭാഗം. പലയിടത്തും വലിയ കുഴികളുണ്ട്. മഴവെള്ളം കെട്ടിനില്‍ക്കുമ്പോള്‍ ഈ കുഴികള്‍ ശ്രദ്ധയില്‍ വരില്ല.


 

Content Highlights: ambulance got stuck in mud hole at karuvannur