1940-ല്‍ അംബേദ്കര്‍ ശാഖ സന്ദര്‍ശിച്ചിട്ടുണ്ട്, അദ്ദേഹവുമായി നല്ല ബന്ധം- അവകാശവാദവുമായി ആര്‍എസ്എസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബിആര്‍ അംബേദ്കര്‍ 1940-ല്‍ മഹാരാഷ്ട്രയിലെ സത്താരയിലുള്ള ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ സ്വയം സേവക സംഘം മാധ്യമ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വിഎസ്‌കെ). ആര്‍.എസ്.എസും അബേദ്കറും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും വിഎസ്‌കെ പറയുന്നു.
ഇതുവരെയുള്ള യാത്രയില്‍ ആര്‍.എസ്.എസിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒപ്പം, നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെടുകയും ഒരു സാമൂഹിക സംഘടന എന്ന നിലയില്‍ തങ്ങളുടെ വ്യക്തിത്വം ഊട്ടി ഉറപ്പിക്കപ്പെട്ടുവെന്നും വിഎസ്‌കെയുടെ വിദര്‍ഭ ചാപ്റ്ററിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
1940 ജനുവരി രണ്ടിന് സത്താര ജില്ലയിലെ കാരാഡ് ശാഖയിലാണ് അബേദ്കര്‍ സന്ദര്‍ശനം നടത്തിയത്.'സ്വയം സേവകരേ' എന്നാണ് അന്ന് അബേദ്കര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതെന്നും വിഎസ്‌കെ പറയുന്നു.
ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ആത്മബന്ധത്തോടെയാണ് താന്‍ സംഘത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞതായും ആര്‍.എസ്.എസ് പറയുന്നു.
അബേദ്കറിന്റെ ആര്‍.എസ്.എസ് ശാഖാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുനെയില്‍ നിന്നുള്ള മറാത്തി ദിനപത്രമായ കേസരിയില്‍ 1940 ജനുവരി ഒമ്പതിന് ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവെന്ന് വാര്‍ത്തയുടെ പകര്‍പ്പ് ഉള്‍പ്പടെയുള്ള പ്രസ്താവനയില്‍ വിഎസ്‌കെ പറഞ്ഞു.
ഡോ. ബിആര്‍ അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കി യാത്ര എന്ന തലക്കെട്ടില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനായ ദത്തോബന്ത് ഠേങ്ക്‌ടി എഴുതിയ ഒരു പുസ്തകത്തെയും പരാമര്‍ശിക്കുന്നുണ്ട്. ആര്‍.എസ്.എസും അംബേദ്കറും തമ്മിലുള്ള ബന്ധത്തെയാണ് അതില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍.എസ്.എസിനെ കുറിച്ച് പൂര്‍ണമായ ധാരണ അംബേദ്കറിനുണ്ടായിരുന്നുവെന്നും സ്വയം സേവകര്‍ അദ്ദേഹവുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നുമാണ് തെങ്ങാടിയുടെ പുസ്തകത്തിലെ എട്ടാം അധ്യായത്തില്‍ പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
1934 ല്‍ മഹാരാഷ്ട്രയിലെ വര്‍ധയിലെ ആര്‍.എസ്.എസ് ക്യാമ്പില്‍ മഹാത്മാ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നുവെന്നും വിവിധ ജാതിയിലും മതത്തിലുമുള്ളവര്‍ സംഘത്തിലുണ്ടെന്ന് അന്ന് അദ്ദേഹം മനസിലാക്കിയിരുന്നുവെന്നുമുള്ള അവകാശവാദവും വിഎസ്‌കെ ഉന്നയിക്കുന്നുണ്ട്.
ആര്‍എസ്എസ് ഇന്ത്യന്‍ പതാകയെ ആദരിക്കാത്തവരാണെന്നും ഓഗസ്റ്റ് 15 നും ജനുവരി 26 നും ത്രിവര്‍ണ പതാക ഉയര്‍ത്താറില്ലെന്നുമുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും വിഎസ്‌കെ പറയുന്നു.
Content Highlights: RSS claims Dr. Ambedkar visited their 1940 Maharashtra shakha