പിതൃസ്മരണയിൽ ആലുവ മണപ്പുറം, ബലിയിട്ട് ആയിരങ്ങൾ

#സ്വന്തം ലേഖകൻ
ആലുവ മണപ്പുറത്ത് ബലിയിടാനെത്തിയ ഭക്തർ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ആലുവ മണപ്പുറത്ത് ബലിയിടാനെത്തിയ ഭക്തർ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി

ആലുവ: പിതൃസ്മരണയിൽ ആലുവ മണപ്പുറത്ത് ബലിയിട്ട് ഭക്തർ. ആയിരക്കണക്കിനാളുകളാണ് ബലിയിടാനായി മണപ്പുറത്ത് എത്തിയത്. അർധരാത്രിയോടെ ആരംഭിച്ച ബലിതർപ്പണം ഇപ്പോഴും തുടരുകയാണ്. ഒരു ലക്ഷത്തിലേറെ പേർ ബലിയിടാനായി മണപ്പുറത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് മുതൽതന്നെ മണപ്പുറത്ത് തിരക്കേറിത്തുടങ്ങിയിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെ മണപ്പുറം മഹാദേവക്ഷേത്രത്തിൽ നടന്ന ശിവരാത്രി വിളക്കോടെ ബലിതർപ്പണത്തിന് ഔദ്യോഗിക തുടക്കമായി. ആലുവ അദ്വൈതാശ്രമത്തിലും ബലിയിടാൻ നിരവധി പേരെത്തി. 

വിപുലമായ സൗകര്യങ്ങളാണ് ബലിതർപ്പണത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് കർമ്മം നിർവഹിക്കാനായി മണപ്പുറത്ത് നൂറിലേറെ താൽക്കാലിക ബലിത്തറകൾ തയ്യാറാക്കിയിട്ടുണ്ട്. മുന്നൂറോളം പുരോഹിതരാണ് തർപ്പണത്തിന് കാർമ്മികത്വം വഹിക്കാൻ എത്തിയിട്ടുള്ളത്. 

നഗരത്തിൽ ബുധനാഴ്ച വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 1500-ലേറെ പോലീസുകാരെയും വിന്യസിച്ചു. അഗ്നിരക്ഷാസേനയുടേയും മുങ്ങൽ വിദഗ്ധരുടെയും സേവനവും ലഭ്യമാക്കി. കെഎസ്ആർടിസി, സ്വകാര്യബസുകൾ, കൊച്ചി മെട്രോ, റെയിൽവേ എന്നിവ പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്.

Content Highlights: Thousands offer Bali at Aluva Manappuram Temple