ജനാഭിമുഖ കുർബാനക്കും വൈദിക സമിതി യോഗത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ച് അല്മായ സംഗമം

#സ്വന്തം ലേഖിക
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊച്ചി: എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാന പൂർണ്ണമായി നടപ്പിൽ വരുത്തണമെന്നും ക്രിമിനൽ കൂരിയയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ കലൂർ റീന്യൂവൽ സെന്ററിൽ അല്മായ വിശ്വാസസംഗമം നടന്നു. എറണാകുളം അതിരൂപതയിലെ 16 ഫൊറോനയിലും അല്മായ മുന്നേറ്റത്തിന്റെ നേതൃത്വ സമ്മേളനങ്ങൾക്ക് ശേഷമാണ് അതിരൂപത സമ്മേളനം നടന്നത്.

വൈദിക സമിതി യോഗത്തിനും വൈദികർക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ടായിരുന്നു അല്മായ സംഗമം. എറണാകുളം അതിരൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുള്ള 1800 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

എറണാകുളം അതിരൂപതയിലെ മുഴുവൻ വൈദികർക്കും ജനാഭിമുഖ കുർബാന അർപ്പിക്കാൻ അനുവാദം നൽകുക, ട്രിബൂണൽ പിൻവലിക്കുക, അഡ്മിനിസ്ട്രേറ്റർമാരെ നീക്കം ചെയ്യുക, വൈദികർക്കെതിരെയുള്ള നടപടികൾ പിൻവലിക്കുക, ക്രിമിനൽ കൂരിയയെ പുറത്താക്കുക, മുഴുവൻ കാനോനിക സമിതികളും പുനർനിയമിക്കുക, കാലാവധി കഴിഞ്ഞ പാസ്റ്ററൽ കൗൺസിൽ പുനസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങൾ അല്മായ സംഗമം പ്രഖ്യാപിച്ചു. 

അല്മായ സംഗമത്തിന് ശേഷം വൈദിക സമിതിയിൽ പങ്കെടുത്ത വൈദികർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിലെത്തിയ പ്രവർത്തകരെ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. 

രാവിലെ മുതൽ എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിലും, ബസിലിക്ക അങ്കണത്തിലും അക്രമം നടത്തിയവർക്ക് എല്ലാ സൗകര്യവും ഒരുക്കികൊടുത്ത പോലിസ് സമാധാനപരമായി അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയ അൽമായ മുന്നേറ്റം പ്രവർത്തകരെ കടത്തി വിടാതെ തടഞ്ഞു നിർത്തിയത് പ്രതിഷേധാർഹമാണെന്ന് അല്മായ മുന്നേറ്റം നേതാക്കൾ പറഞ്ഞു. ബസിലിക്കയിൽ അക്രമത്തിന് നേതൃത്വം നൽകിയവർക്ക്  സൗകര്യം നൽകിയ ഫാ.തരിയൻ ഞാളിയത്തിനെ വൈദിക കൂട്ടായ്മയിൽ നിന്ന് പുറത്താക്കണമെന്നും അല്മായ മുന്നേറ്റം പ്രസിഡന്റ്‌ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും ആവശ്യപ്പെട്ടു.

Content Highlights: almaya munnettam Face-to-Face Mass