'മക്കൾക്കുവേണ്ടത് ചെയ്തുകൊടുക്കാനാകുന്നില്ലല്ലോ'; ആരോഗ്യമന്ത്രി കേൾക്കണം അലീമയുടെ സങ്കടം

കുഴൽമന്ദം: ''മക്കൾ കട്ടിലിൽവന്നിരുന്ന് വിളിക്കും ഉമ്മാ എഴുന്നേറ്റുവായോ എന്ന്, തീരേ വയ്യെങ്കിലും കട്ടിലിലും ചുമരിലും പിടിച്ച് എഴുന്നേൽക്കും, മുറിയുടെ പുറത്തേക്കുപോലും പോകാനാകാതെ വീണ്ടും വന്ന് കിടക്കും''. കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിൽ വയറുവേദനയ്ക്ക് കുത്തിവെപ്പെടുത്തതോടെ ഇടതുകാൽതളർന്ന് കിടപ്പിലായ കുളവൻമുക്ക് കാട്ടുപറമ്പ് വീട്ടിൽ അലീമയുടെ വാക്കുകളിൽ നിറയുന്നതത്രയും നൊമ്പരം. അഞ്ചാംക്ലാസിൽ പഠിക്കുന്ന സൺഫയും രണ്ടാംക്ലാസിൽ പഠിക്കുന്ന മുഹമ്മദ് സിനാനുമാണ് അലീമയുടെ മക്കൾ. കഴിഞ്ഞവർഷംവരെ മക്കളെ സ്‌കൂളിലേക്കു വിടാൻ ഓടിപ്പിടഞ്ഞ് എല്ലാം ചെയ്തിരുന്നത് അലീമയായിരുന്നു.
''ഇപ്പോൾ, ഭർത്താവിന്റെ പ്രായമായ ഉമ്മയും അത്തയും മക്കളെ ഒരുക്കിവിടാൻ പ്രയാസപ്പെടുന്നത് കാണുമ്പോൾ കണ്ണുനിറയും. മൂത്തയാൾക്ക് കാര്യങ്ങൾ തിരിച്ചറിവായി. ഇളയയാൾക്ക് പിടിവാശിയുണ്ട്.
സ്‌കൂൾ ബസിൽ കയറ്റിവിടാനും ബസ് തിരിച്ചുവരുമ്പോൾ പിടിച്ചിറക്കാനും വരണമെന്നാണാണ് വാശി'' അലീമ പറയുന്നു.
കുത്തിവെപ്പെടുക്കുമ്പോൾ അത്യപൂർവമായി സംഭവിക്കുന്ന പിഴവാണ് അലീമയുടെ സ്പർശനശേഷിയും ചലനശേഷിയും നഷ്ടപ്പെടുത്തിയതെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ കമ്മിറ്റി കണ്ടെത്തിയിട്ടുമുണ്ട്. ഇതിന്റെ തുടർനടപടിക്കായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചിരിക്കുകയാണ്. വിഷയത്തിൽ ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഏറെ അലട്ടുന്നു, ജീവിത പ്രതിസന്ധി
ഭർതൃപിതാവ് അബ്ദുൾ കരീമിന് 65-ഉം മാതാവ് താജുന്നീസയ്ക്ക് 60-ഉം വയസ്സായി. വാർധക്യത്തിന്റെ അവശതകൾ ഇരുവർക്കുമുണ്ട്. കുളവൻമുക്ക് പഴയപാതയിൽ ഉന്തുവണ്ടിയിൽ എണ്ണപ്പലഹാരം ഉണ്ടാക്കി വിൽക്കുന്നതായിരുന്നു ഇവരുടെ ഉപജീവനമാർഗം. പാചകവാതകക്ഷാമംമൂലം അതുനിലച്ചു. ഭർത്താവ് ഫിറോസിന് വെള്ളപ്പാറയിൽ എണ്ണപ്പലഹാരമുണ്ടാക്കുന്ന പണിയാണ്. ഇതുമാത്രമാണ് കുടുംബത്തിനുള്ള വരുമാനം.
ഒരുലക്ഷത്തിലേറെ രൂപ ചികിത്സയ്ക്ക് ചെലവായതായി കുടുംബം പറയുന്നു. ദിവസവും ഫിസിയോതെറാപ്പി ചെയ്യാൻ ഓട്ടോയിൽ കൊണ്ടുപോകണം. സാവധാനം ശരിയാകുമെന്നാണ് ഫിസിയോ തെറാപ്പിസ്റ്റും ന്യൂറോളജിസ്റ്റും പറയുന്നതെന്നും പറയുന്നു. വീടിന്റെ ആധാരവും സ്വർണവും പണയത്തിലായി.
അലീമയുടെ വീട് എരിമയൂർ മാരാക്കാവിലാണ്. മാതാപിതാക്കളായ അബ്ദുൾറഹ്‌മാനും സാറക്കുട്ടിയും കൂലിപ്പണിക്കാരാണ്.
Content Highlights: Aleema became bedridden following a botched injection at Kuzhalmannam CHC., Medical board confirmed the rare error caused sensory and motor loss., The family faces severe financial crisis due to treatment costs and loss of income., The case is currently pending with the Director of Health Services., Urgent appeal for government intervention to support her rehabilitation.