ആലപ്പുഴ വഴിയുള്ള മൂന്നാംപാത റെയിൽവേ ബോർഡിന്റെ പരിഗണനയിൽ; രണ്ടാം പാതയ്‌ക്കൊപ്പം മൂന്നാം പാതയും

ആലപ്പുഴ: മൂന്നാം റെയിൽപ്പാത ആലപ്പുഴ വഴിയും നിർമിക്കുന്നത് റെയിൽവേ മന്ത്രാലയത്തിന്റെയും റെയിൽവേ ബോർഡിന്റെയും പരിഗണനയിൽ. പാത കോട്ടയംവഴി മാത്രം പരിമിതപ്പെടുത്താതെ ആലപ്പുഴ തീരദേശപാതയെക്കൂടി പരിഗണിക്കുമെന്നാണു വിവരം. കേരളത്തിൽനിന്നുള്ള ബി.ജെ.പി. നേതാക്കൾക്ക് ഇതുസംബന്ധിച്ച ഉറപ്പ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്നു ലഭിച്ചു. ആലപ്പുഴ തീരദേശംവഴിയുള്ള രണ്ടാം പാതയുടെ പണി തീർന്നാലുടൻ മൂന്നാം പാതയും പൂർത്തിയാക്കുമെന്നാണ് ഉറപ്പ്.
എറണാകുളം-അമ്പലപ്പുഴ രണ്ടാം റെയിൽപ്പാതയുടെ നിർമാണം വിവിധ റീച്ചുകളിലായി പുരോഗമിക്കുകയാണ്. അമ്പലപ്പുഴ-തുറവൂർ ഭാഗത്തെ ഭൂമിയേറ്റെടുക്കൽ തുടങ്ങിയിട്ടില്ല. എന്നാൽ, പാതനിർമാണത്തിനു ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
രണ്ടാം പാതയ്‌ക്കൊപ്പം മൂന്നാം പാതയ്ക്കാവശ്യമായ ഭൂമിയും ഏറ്റെടുക്കാനായാൽ വിപുലമായ വികസനപദ്ധതിക്കു തുടക്കമിടാനാകുമെന്നാണു വിലയിരുത്തൽ.
ചരക്കുഗതാഗതത്തിന് ആലപ്പുഴവഴി നേട്ടം
മംഗലാപുരം മുതൽ തിരുവനന്തപുരം വരെ മൂന്നാം റെയിൽപ്പാത യാഥാർഥ്യമാകുന്നത് കേരളത്തിന്റെ റെയിൽവേ ചരിത്രത്തിലെ വലിയ കുതിച്ചുചാട്ടമാകും. കുറഞ്ഞ വളവുകളും കയറ്റിറക്കങ്ങളുമുള്ള തീരദേശ പാതയിലൂടെ വേഗത്തിൽ ചരക്കു ട്രെയിനുകൾ ഓടിക്കാൻ സൗകര്യമുണ്ടാകും. കോട്ടയം വഴിയുള്ള പാതയിൽ കൂടുതൽ വളവുകളുള്ളതിനാൽ ചരക്കു ട്രെയിനുകളുടെ ഗതാഗതത്തിന് പരിമിതിയുണ്ട്.
14 കിലോമീറ്റർ കുറവ്; ഭൂമിയേറ്റെടുക്കലും എളുപ്പം
എറണാകുളം-തിരുവനന്തപുരം യാത്രയിൽ ആലപ്പുഴ വഴിയുള്ള റൂട്ടിന് കോട്ടയം വഴിയെക്കാൾ 14 കിലോമീറ്റർ ദൂരം കുറവാണെന്നതും നേട്ടമാണ്. ദൂരം കുറയുന്നതോടെ യാത്രാസമയം മാത്രമല്ല, ഊർജ ഉപഭോഗവും കുറയ്ക്കാനാകും.
കോട്ടയം റൂട്ടിലെ പ്രധാന നഗരങ്ങളിലൂടെയും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെയും പാതയ്ക്കായി ഭൂമിയേറ്റെടുക്കുന്നത് വെല്ലുവിളിയാകും. പുനരധിവാസവും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള ചെലവ് ഉയരും. ആലപ്പുഴ വഴിയുള്ള റൂട്ടിൽ രണ്ടാം പാതയുടെ ഭൂമിയേറ്റെടുക്കലിനൊപ്പം മൂന്നാംപാതയ്ക്കാവശ്യമായ ഭൂമികൂടി പരിഗണിച്ചാൽ ചെലവും സമയനഷ്ടവും കുറയ്ക്കാം.
രണ്ടാം പാതയ്‌ക്കൊപ്പംമൂന്നാം പാതയും
: ഇപ്പോൾത്തന്നെ ആലപ്പുഴ വഴിയുള്ള മൂന്നാം പാതയ്ക്കായി പഠനംനടത്തി റിപ്പോർട്ട് തയ്യാറാക്കുകയാണെങ്കിൽ നിർമാണം പുരോഗമിക്കുന്ന രണ്ടാം പാതയുടെ അലൈൻമെന്റുമായി ഏകോപിപ്പിച്ച് പദ്ധതി ആസൂത്രണം ചെയ്യാനാകും.
മൂന്നാം പാത യാഥാർഥ്യമായാൽ കോട്ടയംവഴി ഓടുന്ന ചരക്കു ട്രെയിനുകളുടെ ഒരു ഭാഗം ആലപ്പുഴയിലേക്കും മാറ്റാം. ഇതുവഴി കോട്ടയം റൂട്ടിൽ കൂടുതൽ യാത്രാ ട്രെയിനുകൾക്ക് സൗകര്യമൊരുക്കാൻ കഴിയും. ഇതോടെ കോട്ടയം മേഖലയിലെ യാത്രക്കാർക്കും കൂടുതൽ പ്രയോജനം ലഭിക്കും.
Content Highlights: Third railway line via Alappuzha is under the consideration of the Railway Ministry and Railway Board., Alappuzha route offers 14 km less distance compared to the Kottayam route for Ernakulam-Thiruvananthapuram travel., Easier land acquisition and better feasibility for freight transport along the coastal route., Integration with the second phase of construction can reduce costs and time delays.