റസ്റ്റ് ഹൗസിൽ മന്ത്രി പി.കെ. ബഷീർ എത്തിയപ്പോൾ ജീവനക്കാരില്ല; അഞ്ചുപേർക്ക് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
പി.കെ. ബഷീർ | Photo: Mathrubhumi
പി.കെ. ബഷീർ | Photo: Mathrubhumi

ആലപ്പുഴ: മന്ത്രിയെത്തിയപ്പോൾ ജീവനക്കാരില്ലാത്തതിനെത്തുടർന്ന് ആലപ്പുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ അഞ്ചു ജീവനക്കാർക്കു സസ്പെൻഷൻ.

റസ്റ്റ് ഹൗസ് മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ. വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകലാ നന്ദനൻ, ബട്‌ലർ ബിനു സെബാസ്റ്റ്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കടപ്പുറത്തുള്ള റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടാകേണ്ട ജീവനക്കാരെ കണ്ടില്ല. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരിശോധനയിൽ ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയതെന്നു കണ്ടെത്തി. കെ. കമർ, എം.ആർ. രാമാനുജൻ എന്നിവരാണ് ഒപ്പിട്ടിരുന്നത്. മാനേജർ വിപിനൻ, ശ്രീകലാ നന്ദനൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല.

എന്നാൽ, മന്ത്രിയെത്തിയ സമയം ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നെന്നാണ് മാനേജർ നൽകിയ വിശദീകരണം. കമറും ബിനുവും ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നെന്നും വിപിനനും ശ്രീകലയും രാമാനുജനും റസ്റ്റ് ഹൗസിലെ മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നുമാണ് അറിയിച്ചത്.

ഡ്യൂട്ടിയിലുള്ളവർ ഹാജർ രേഖപ്പെടുത്താതിരുന്നതും ഹാജർ രേഖപ്പെടുത്തിയവർ ജോലിസ്ഥലത്തുനിന്നു മാറിനിന്നതും വീഴ്ചയാണെന്ന് സസ്പെൻഷൻ ഉത്തരവിലുണ്ട്.

Content Highlights: Five employees of the Alappuzha PWD rest house were suspended., Action taken because staff were absent during the Minister's visit., An inquiry report by the Executive Engineer confirmed attendance lapses., Management claimed staff were having lunch, but it was deemed a dereliction of duty.