‘ജാതിസർട്ടിഫിക്കറ്റ് കൊടുക്കാതെ ജോലി നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി വേണ്ടേ?’- PSC റാങ്ക് ജേതാവ് ചോദിക്കുന്നു

ആലപ്പുഴ: സമയത്തു ജാതിസർട്ടിഫിക്കറ്റു കൊടുക്കാതെ ജോലിനഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി വേണ്ടേയെന്ന ഉള്ളുരുകിയുള്ള ചോദ്യം പി.എസ്.സി. റാങ്കുജേതാവായ യുവതിയുടേതാണ്.
എൽ.ഡി.ക്ലാർക്ക് റാങ്കുപട്ടികയിൽ ഇടംനേടിയ കോമളപുരം പ്രണവം വീട്ടിൽ അരുണിമയുടെ ഹൃദയംതകർന്നുള്ള ചോദ്യമാണിത്. വർഷങ്ങൾ പരിശ്രമിച്ച് കൈപ്പിടിയിലെത്തിയ ജോലി തട്ടിത്തെറിപ്പിച്ച തഹസിൽദാരുടെ അനാസ്ഥയ്ക്കെതിരേ അച്ചടക്കനടപടിയെടുക്കാത്തതാണ് അരുണിമയെ സങ്കടപ്പെടുത്തുന്നത്.
2022-ൽ പ്രസിദ്ധീകരിച്ച റാങ്കുപട്ടികയിൽ വിശ്വകർമ വിഭാഗത്തിൽ മുൻനിരയിലായിരുന്നു അരുണിമ. ഇതേത്തുടർന്ന് ആ വർഷം ജൂൺ 16-ന് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പി.എസ്.സി. വിളിച്ചു. പി.എസ്.സി.യിൽ ഹാജരാക്കാൻ അരുണിമ ജാതിസർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ വനിതയായ അമ്പലപ്പുഴ തഹസിൽദാർ അതനുവദിച്ചില്ല. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ ‘തമിഴ് വിശ്വകർമ’ എന്നായതിനാൽ ‘വിശ്വകർമ വിശ്വബ്രാഹ്മണ’ സർട്ടിഫിക്കറ്റ് കൊടുക്കാനാകില്ലെന്നായിരുന്നു തഹസിൽദാരുടെ മറുപടി.
തുടർന്ന്, ആർ.ഡി.ഒ.യ്ക്കു അപ്പീൽ കൊടുത്തു. വില്ലേജ് ഓഫീസറെയും തഹസിൽദാരെയും പരാതിക്കാരിയെയും വിസ്തരിച്ചശേഷം വിശ്വകർമ വിശ്വബ്രാഹ്മണ സർട്ടിഫിക്കറ്റ് കൊടുക്കാൻ 2022 ജൂലായ് 13-ന് ആർ.ഡി.ഒ. ഉത്തരവിട്ടു. എന്നിട്ടും തഹസിൽദാർ സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. ഇതേത്തുടർന്ന്, ഹൈക്കോടതിയെ സമീപിച്ചു.
സർട്ടിഫിക്കറ്റ് കൊടുക്കാൻ 2022 ഓഗസ്റ്റ് 11-നു ഹൈക്കോടതിയും ഉത്തരവിട്ടു. എന്നിട്ടും, ഉദ്യോഗസ്ഥ സർട്ടിഫിക്കറ്റു കൊടുത്തില്ല. പുതിയ തഹസിൽദാരെത്തിയപ്പോൾ ആ വർഷം സെപ്റ്റംബറിൽ സർട്ടിഫിക്കറ്റ് അനുവദിച്ചു. പക്ഷേ, സമയത്തു സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ അരുണിമയെ വിശ്വകർമ സംവരണ ലിസ്റ്റിൽനിന്ന് ഒഴിവാക്കി ഓഗസ്റ്റിൽ പി.എസ്.സി. റാങ്കുപട്ടിക വീണ്ടും പ്രസിദ്ധീകരിച്ചു.
അപ്പീൽ നൽകിയെങ്കിലും പി.എസ്.സി. പരിഗണിച്ചില്ല. അരുണിമയെക്കാൾ മാർക്കു കുറവുള്ളവർക്ക് ജോലികിട്ടി. റാങ്കുപട്ടികയുടെ കാലാവധി 2025-ൽ അവസാനിച്ചു. തുടർന്ന്, തന്റെ ജോലി നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുക്കണമെന്നുകാട്ടി അരുണിമ മുൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതിനൽകി. അന്വേഷണം നടത്തി വീഴ്ചവരുത്തിയ ഉദ്യോഗസ്ഥയുടെ പേരുവിവരങ്ങൾ നൽകണമെന്ന് 2025 ഫെബ്രുവരി 23-ന് ആലപ്പുഴ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
പക്ഷേ, നടപടിയുണ്ടായില്ല. പിന്നീട്, നിയമസഭാ തിരഞ്ഞെടുപ്പായി. പുതിയ സർക്കാർ വന്നപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശനു പരാതികൊടുത്തു കാത്തിരിക്കുകയാണ് അരുണിമ.
Content Highlights: Arunima, an LDC rank holder from Alappuzha, lost her government job due to delayed caste certificate issuance., Despite orders from the RDO and the High Court, the Tahsildar failed to provide the required certificate on time., Her name was removed from the Vishwakarma reservation list, while candidates with lower marks secured jobs., She has submitted petitions seeking disciplinary action against the responsible official.