ഇരുട്ടിവെളുത്തപ്പോൾ മത്സ്യകന്യക അപ്രത്യക്ഷമായി, നാട്ടുകാരില്ലെന്ന് ഉറപ്പുവരുത്തി അതിരഹസ്യ 'ഓപ്പറേഷൻ'; ‘ദുരൂഹത’

#ന്യൂസ് ഡെസ്ക്
• ബുധനാഴ്ച രാത്രി പൊളിച്ചുനീക്കിയ കനാൽക്കരയിലെ മത്സ്യകന്യക ശില്പത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നു
• ബുധനാഴ്ച രാത്രി പൊളിച്ചുനീക്കിയ കനാൽക്കരയിലെ മത്സ്യകന്യക ശില്പത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ കനാൽത്തീരത്ത് മൂന്നരദശാബ്ദത്തിലേറെ കാഴ്ചവിസ്മയമൊരുക്കിയ ‘മത്സ്യകന്യകയെ’ ഒരു രാത്രി പുലർന്നപ്പോൾ കാണാതായി. ബുധനാഴ്ച രാത്രി ശില്പം പൊളിച്ചുമാറ്റുകയായിരുന്നു.

ജില്ലാക്കോടതിപ്പാലം പുനർനിർമാണ ജോലികൾക്കു തടസ്സമാണെന്നു കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന്‌ കൂറ്റൻ ശില്പം മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും വൻതുക ചെലവാകുമെന്ന് കണക്കാക്കിയാണ് പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിലെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ബുധനാഴ്ച രാത്രി പത്തുമണിക്കുശേഷം 50 ടൺ ഭാരമുള്ള ശില്പം തകർത്തത്. നാട്ടുകാരുടെ സാന്നിധ്യമില്ലെന്ന്‌ ഉറപ്പുവരുത്തി അതിരഹസ്യമായി ബുൾഡോസർ ഉപയോഗിച്ച്‌ തകർക്കുകയായിരുന്നു. രാത്രി ഷിഫ്റ്റിലുള്ള ജോലിക്കാർ മാത്രമായിരുന്നു സമയത്തു സ്ഥലത്തുണ്ടായിരുന്നത്. രാത്രി വൈഎംസിഎ മുതൽ പോലീസ് ഔട്ട് പോസ്റ്റുവരെ വാഹനഗതാഗതം പൂർണമായി നിരോധിക്കുകയും ചെയ്തു.

ശില്പം രാത്രിയിൽ പൊളിച്ചുനീക്കിയതിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പ്രതികരിച്ചു. അഞ്ചുമണിക്കൂറിലേറെ പണിപ്പെട്ടാണ് ശില്പം തകർത്തത്. അടിത്തറയുടെ ഭാഗം നിലനിർത്തിയിട്ടുണ്ട്. പഴയ ശില്പത്തിന്‍റെ മാതൃകയിൽ പുതിയത് നിർമിക്കാൻ 20 ലക്ഷം രൂപയാണു വേണ്ടത്. ഈ സാഹചര്യത്തിലാണ് ശില്പം പൊളിച്ച് പുതിയതിലേക്കു മാറാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, അതേക്കുറിച്ച് ഇപ്പോൾ അധികൃതർ മൗനം പാലിക്കുകയാണ്.

ഡോ. ടി.എം. തോമസ് ഐസക്കും ജി. സുധാകരനും മന്ത്രിമാരായിരുന്ന സമയത്താണ് പാലവും മൊബിലിറ്റി ഹബ്ബും ചേർന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. 2024 ഓഗസ്റ്റ് 31-ന് പാലത്തിന്റെ നിർമാണോദ്ഘടനവും നടത്തി. 2026 ഓഗസ്റ്റ് 31-നകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ.

ഒരുവർഷത്തിലേറെയായി ആലോചനകളും നടപടിയും നടത്തിയെങ്കിലും മത്സ്യകന്യകയെ സംരക്ഷിക്കാൻ അനുകൂലമായ തീരുമാനമുണ്ടായില്ല. പാലത്തിനുവേണ്ടി 168 പൈലിങ്ങാണ് വേണ്ടത്. ഇതിൽ ഏറെയും പൂർത്തിയായെങ്കിലും മത്സ്യകന്യക നിൽക്കുന്നിടത്തെ രണ്ട് പൈലിങ് ഇനിയും ബാക്കിയുണ്ട്. മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കനാൽത്തീരങ്ങളിൽ സ്ഥാപിച്ച 11 ശില്പങ്ങളിൽ പ്രധാനിയാണ് മത്സ്യകന്യക. കണിയാപുരം വിജയകുമാർ എന്ന ശില്പിയാണ്‌ മത്സ്യകന്യകയെ നിർമിച്ചത്. 2019-ൽ കനാൽ നവീകരണത്തിനിടെ ഒരു ശില്പം പാടെ തകർന്നുപോയിരുന്നു.

Content Highlights: Alappuzha's Iconic 'Mermaid' Sculpture Demolished Overnight: A Mystery Unfolds