വിചിത്ര സ്ഥലംമാറ്റം! എംഎൽഎ കത്ത് നൽകിയതിന്റെ പേരിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റി

#ന്യൂസ് ഡെസ്ക്
എ.ഡി. തോമസ്, സർക്കാർ ഉത്തരവ്
എ.ഡി. തോമസ്, സർക്കാർ ഉത്തരവ്

ആലപ്പുഴ: എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് വിവാദമാകുന്നു. ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്ന സാധാരണ രീതിക്ക് വിരുദ്ധമായി, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ വി.യെ അടിയന്തരമായി സ്ഥലംമാറ്റിയ ഉത്തരവിലാണ് ഈ അസാധാരണ പരാമർശമുള്ളത്. ആലപ്പുഴ എം.എൽ.എ. എ.ഡി. തോമസ് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നൽകിയ കത്താണ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് ആധാരമായി സർക്കാർ ഉത്തരവിൽ നേരിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബർ ഒന്നിന് എം.എൽ.എ. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഡോ. പ്രശാന്തനെ അടിയന്തര പ്രാബല്യത്തോടെ തിരുവനന്തപുരം മത്സ്യഫെഡ് ഹെഡ് ഓഫീസിലേക്ക് മാനേജർ (കൊമേഴ്സ്യൽ) തസ്തികയിൽ ഒരു വർഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ചതായി ഉത്തരവിൽ പറയുന്നു. ഇതിനു പുറമെ, ഭരണസൗകര്യാർത്ഥം കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജോയസ് എബ്രഹാമിനെ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായും  കോട്ടയം മത്സ്യഫെഡ് ജില്ലാ മാനേജർ ശ്രീകുമാർ പി.യെ കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായും മാറ്റി നിയമിച്ചിട്ടുണ്ട്. പ്രത്യേക ഫിഷറീസ് സെക്രട്ടറി അബ്ദുൾ നാസർ ബി. ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവുകളിൽ 'ഭരണസൗകര്യാർഥം' എന്ന് ചേർക്കുന്ന പതിവ് രീതി ഒഴിവാക്കി എം.എൽ.എ.യുടെ കത്തിന്റെ കാര്യം നേരിട്ട് പരാമർശിച്ചത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കത്ത് നൽകി സ്ഥലംമാറ്റിക്കുമെന്ന ഭയം ഉദ്യോഗസ്ഥരിൽ വളർത്താനാണ് സർക്കാർ ശ്രമമെന്ന് ഇവർ ആരോപിക്കുന്നു.

അതേസമയം, ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് കത്തയച്ചതെന്ന് എ.ഡി. തോമസ് പറഞ്ഞു. വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സി.പി.എം. നേതാക്കളുടെ താല്പര്യപ്രകാരം മാത്രമാണ് താല്ക്കാലിക നിയമനങ്ങൾ നടന്നിരുന്നതെന്നും ഇതിൽ ക്രമക്കേടുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളിൽനിന്ന് ലഭിച്ച പരാതികൾ ക്രോഡീകരിച്ച് മന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഉദ്യോഗസ്ഥനുമായി യാതൊരുവിധ വിരോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നാലെ, സ്ഥലംമാറ്റ നടപടിയിൽ തനിക്ക് പരാതിയില്ലെന്ന് ഡോ. പ്രശാന്തൻ വി. പ്രതികരിച്ചു. താൻ ഏതെങ്കിലും യൂണിയന്റെ ആളല്ലെന്നും ജീവനക്കാരെ സ്ഥലംമാറ്റാൻ സർക്കാരിന് പൂർണമായ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവിനെതിരെ പരസ്യമായോ നിയമപരമായോ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: The government order transferring Alappuzha Fisheries Deputy Director Dr. Prasanthan V. based directly on an MLA's letter has sparked a major political controversy in Kerala.