അരണ്ട വെട്ടത്തിൽ പഠനം, എ പ്ലസിൽ തിളങ്ങി; പിന്നാലെ കാറ്റ് കവർന്നത് കിടപ്പാടം, ആശ്രയമില്ലാതെ കുടുംബം

ആലപ്പുഴ: അരണ്ട വെട്ടത്തിൽ പഠിച്ച രാത്രികൾക്കൊടുവിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ സന്തോഷത്തിലായിരുന്നു ശ്രീനിധി എസ്. ഭട്ട്. പക്ഷേ, ആ സന്തോഷം നീണ്ടുനിന്നില്ല. ശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ കുടുംബം താമസിച്ചിരുന്ന വീടിന്റെ മേൽക്കൂര തകർന്നതോടെ തലചായ്ക്കാനുണ്ടായിരുന്ന ഏക ആശ്രയവും ശ്രീനിധിക്കും കുടുംബത്തിനും നഷ്ടമായി.
ആലപ്പുഴ എ.എൻ. പുരം പുത്തൻമഠത്തിൽ ജി. ശ്രീനിവാസന്റെയും അംബികാഭായിയുടെയും മൂത്തമകളാണ് ശ്രീനിധി. തിരുമല ക്ഷേത്രക്കുളത്തിനു സമീപത്തെ പഴക്കമേറിയ വാടകവീട്ടിലായിരുന്നു കുടുംബം കഴിഞ്ഞ പത്തുവർഷത്തോളമായി താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾകാരണം സുരക്ഷിതമായ വീടു കണ്ടെത്താൻ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. ശ്രീനിധിക്ക് രണ്ട് സഹോദരിമാരുണ്ട്. പത്താം ക്ലാസിലേക്കു പ്രവേശിച്ച കാവേരിയും അഞ്ചാംക്ലാസിലേക്കെത്തുന്ന ശ്രീലക്ഷ്മിയും.
അഞ്ചംഗ കുടുംബം താമസിച്ചിരുന്ന വീടാണ് ശക്തമായ കാറ്റിൽ ഭാഗികമായി തകർന്നത്. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മുൻപ് ഓട്ടോ ഓടിച്ച് കുടുംബം നോക്കിയിരുന്ന ശ്രീനിവാസന് ആരോഗ്യപ്രശ്നംമൂലം തൊഴിൽ നിർത്തേണ്ടിവന്നു. പകൽ വയോജനങ്ങളെയും മറ്റും വീടുകളിലെത്തി പരിപാലിച്ചുള്ള വരുമാനമാണ് അംബികയ്ക്കുള്ളത്. വീട്ടുച്ചെലവും വാടകയും മക്കളുടെ പഠനവുമെല്ലാം ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്.
വീടിന്റെ മേൽക്കൂര തകർന്നതോടെ ഇനി എവിടേക്കു പോകുമെന്ന ആശങ്കയിലാണ് കുടുംബം. അധ്യയനവർഷം തുടങ്ങാനിരിക്കേ താമസത്തിനും കുട്ടികളുടെ പഠനത്തിനും വഴിയില്ലാത്ത അവസ്ഥ കുടുംബത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
Content Highlights: SSLC topper Sreenidhi S Bhat lost her home in a storm in Alappuzha., The family of five faces severe financial hardship due to health issues., The house was partially destroyed, leaving the family without shelter., Urgent support is needed for education and housing as the academic year begins.