ആലപ്പുഴ ജില്ല ജയിലിൽ തടവുകാർക്ക് ചിക്കൻപോക്സ്‌; പുതിയ തടവുകാരെ പ്രവേശിപ്പിക്കില്ല

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: തടവുകാർക്ക് കൂട്ടത്തോടെ ചിക്കൻപോക്സ്‌ പിടിപെട്ടതോടെ ജില്ല ജയിലിലേക്ക് പുതിയ തടവുകാരെ പ്രവേശിപ്പിക്കുന്നതു നിർത്തിവെച്ചു. 16 തടവുകാർക്ക് ചിക്കൻപോക്സ്‌ പിടിപെട്ട സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ശുപാർശപ്രകാരമാണ് നടപടി.

രോഗബാധിതരെ പ്രത്യേക സെല്ലിൽ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മറ്റു തടവുകാരിലേക്ക് രോഗം പകരാതിരിക്കാൻ പ്രതിരോധമരുന്നും നൽകി. ഒക്ടോബർ 15-നാണ് ആദ്യം ചിക്കൻപോക്സ്‌ ജയിലിൽ റിപ്പോർട്ടുചെയ്തത്. പിന്നീട് പലപ്പോഴായി എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരുജീവനക്കാരനും ഉൾപ്പെടുന്നു. അന്നും പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചെങ്കിലും രോഗം നിയന്ത്രിക്കാനായില്ല. ഒരുമാസത്തിനിടെ 24 പേർക്കാണ് രോഗം ബാധിച്ചത്.

പ്രതികളെ ഇനി സബ്ജയിലിലേക്കോ മറ്റു ജയിലുകളിലേക്കോ അയക്കും. നിലവിൽ ഉൾക്കൊള്ളാനാകുന്നതിലും കൂടുതൽ പേരാണ് ജില്ല ജയിലിലുള്ളത്. 84 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമുള്ളിടത്ത് 126 വരെയാണുള്ളത്. ഒരുസെല്ലിൽ 12 പേരെ വരെ പാർപ്പിക്കാറുണ്ട്. അതിനാൽ, പലരും ശ്വാസംമുട്ടിയാണ് കഴിയുന്നത്. മനുഷ്യാവകാശലംഘനമാണിതെന്ന അഭിപ്രായവും ആരോഗ്യപ്രവർത്തകർക്കുണ്ട്.

വായുസഞ്ചാരമില്ലാത്ത രീതിയിലാണ് ജയിലിലെ സെല്ലിന്റെ നിർമാണമെന്നതിനാൽ പകർച്ചവ്യാധികൾ ഒരാൾക്കു പിടിപെട്ടാൽ ആ സെല്ലിലുള്ള മുഴുവൻപേർക്കും പകരുന്ന സ്ഥിതിയാണ്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിലുള്ള ആശങ്ക ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്.

സബ് ജയിൽ നിറഞ്ഞാൽ സെൻട്രൽ ജയിലിലേക്കു മാറ്റും

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജയിലുകളിലും ഇപ്പോൾ ഉൾക്കൊള്ളാവുന്നതിലധികം ആളുകളുണ്ട്. അതിനാൽ, റിമാൻഡു തടവുകാരെയടക്കം എവിടെ പാർപ്പിക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. സബ് ജയിൽ നിറഞ്ഞാൽ സെൻട്രൽ ജയിലിലേക്കു മാറ്റാനാണ് തീരുമാനം.