ധൻബാദ് എക്സ്പ്രസ് ആലപ്പുഴ ‘വിടുമോ’? തിരുവനന്തപുരം നോർത്തുവരെ നീട്ടുന്നത് പരിഗണനയിൽ; ആശങ്കയിൽ യാത്രക്കാർ

#ജിനോ സി. മൈക്കിൾ
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ആലപ്പുഴ: ആലപ്പുഴയിൽനിന്ന് സർവീസ് തുടങ്ങുന്ന ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരം നോർത്തുവരെ നീട്ടുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. ഇതോടെ ആലപ്പുഴയിൽനിന്നു വടക്കോട്ടുള്ള യാത്രക്കാർ ആശങ്കയിലായി. പതിവായി വൈകിയെത്തുന്ന ട്രെയിൻ, തിരുവനന്തപുരത്തേക്കു നീട്ടിയാൽ പിറ്റേന്നത്തെ സർവീസിനെ ബാധിക്കുമെന്നാണ് യാത്രക്കാരുടെ പരാതി.

നൂറുകണക്കിനു യാത്രക്കാരാണ് രാവിലെ ആറുമണിക്ക് ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന തീവണ്ടിയെ ആശ്രയിക്കുന്നത്.

ആറു മാസത്തിനിടയിൽ വൈകിയത് 81 ദിവസം

ആറുമാസത്തിനിടയിൽ വണ്ടി 81 ദിവസവും ആലപ്പുഴയിൽ വൈകിയാണെത്തിയത്. അതും ഒരു മണിക്കൂറിലേറെയാണെന്ന് കണക്കു സൂചിപ്പിക്കുന്നു. തിരുവനന്തപുരംവരെ നീട്ടിയാൽ, താമസിച്ചെത്തുന്ന ദിവസങ്ങളിൽ അറ്റകുറ്റപ്പണിയും മറ്റും പൂർത്തിയാക്കി പിറ്റേന്നത്തെ സർവീസ് സമയത്തു തുടങ്ങാനാകില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

ജോലിക്കും പഠനാവശ്യങ്ങൾക്കുമായി എറണാകുളം, തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിലേക്കു പോകുന്ന നൂറുകണക്കിനു യാത്രക്കാരെ ഇതു ബാധിക്കും. തിങ്കളാഴ്ചയും അവധി കഴിഞ്ഞുള്ള ദിവസങ്ങളിലും ആലപ്പുഴയിൽനിന്നു മാത്രമുള്ള യാത്രക്കാരുടെ എണ്ണം 1,000 മുതൽ 1,500 വരെ ആകാറുണ്ടെന്ന് യാത്രക്കാരുടെ സംഘടനകൾ പറയുന്നു.

അധിക ട്രെയിൻ വേണം; പക്ഷേ വൈകിയോടുന്നതു വേണ്ടാ

സർവീസ് നീട്ടിയാൽ ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനുമിടയിൽ ഒരു ട്രെയിൻ കൂടി ലഭിക്കുമെന്നത് യാത്രക്കാർ അംഗീകരിക്കുന്നു. എന്നാൽ, കൃത്യസമയത്ത് ഓടാൻ കഴിയാത്ത സർവീസ് നീട്ടുന്നതുകൊണ്ടു പ്രയോജനം ലഭിക്കില്ലെന്നാണു വാദം. മാത്രമല്ല, തിരുവനന്തപുരത്തേക്കുള്ള സമയക്രമം നേത്രാവതി എക്സ്പ്രസിന്റെ സമയത്തോടു ചേർന്നു വരാനും സാധ്യതയുണ്ട്.

തീരദേശപാതയിൽ ട്രെയിനുകൾക്കിടയിൽ നിലവിലുള്ള വലിയ ഇടവേള ഇതുകൊണ്ടു പരിഹരിക്കപ്പെടില്ലെന്നും പറയുന്നു. ധൻബാദ് എക്സ്പ്രസ് നീട്ടുന്നതിനു പകരം നിലവിൽ എറണാകുളത്ത് ഏറെനേരം വെറുതേ കിടക്കുന്ന ടാറ്റ എക്സ്പ്രസ് ആലപ്പുഴവഴി തിരുവനന്തപുരംവരെ നീട്ടണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.

ആലപ്പുഴയിലെ കോച്ചിങ് സംവിധാനത്തിനും ഭീഷണി

ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്കു നീട്ടുന്നതോടെ ആലപ്പുഴയിലെ കോച്ചിങ് ഡിപ്പോയുടെ ഭാവിയെക്കുറിച്ചും ആശങ്കയുയരുന്നു.

ട്രെയിൻ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ജോലികളുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്റ്റേഷനിൽ ജോലിചെയ്യുന്ന നാല്പതോളം പേരെ ഇതു ബാധിക്കുമെന്ന ആശങ്ക അവർക്കുണ്ട്.

Content Highlights: The extension of the Dhanbad Express service from Alappuzha to Thiruvananthapuram is under consideration, causing concern among passengers due to potential delays affecting subsequent services.