'ജീവിക്കാൻ പണം വേണം, സ്ഥാനമാനങ്ങളും'; അഖിൽ മാരാരുടെ വിലപേശൽ ഓഡിയോ പുറത്തുവിട്ട് ട്വന്റി-20

കൊച്ചി: ഒരു രാഷ്ട്രീയ പാർട്ടിയിൽ തുടരണമെങ്കിൽ സാമ്പത്തികമായോ പദവികൾ മുഖേനയോ കൃത്യമായ പരിഗണന വേണമെന്ന് ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ പുറത്ത്. ബോർഡ് അല്ലെങ്കിൽ കോർപ്പറേഷൻ സ്ഥാനങ്ങൾക്ക് വേണ്ടി മാരാർ വിലപേശൽ നടത്തുന്ന ഓഡിയോയാണ് ട്വന്റി-20 പാർട്ടി പുറത്തുവിട്ടത്. രാഷ്ട്രീയത്തിൽ നിൽക്കണമെങ്കിൽ തനിക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അത് ബോർഡ് സ്ഥാനങ്ങൾ വഴി വേണമെന്നും മാരാർ ആവശ്യപ്പെടുന്നുണ്ട്. ട്വന്റി-20യും അഖിൽ മാരാരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിനിടയിലാണ് ഈ നിർണ്ണായക നീക്കം.
സാമ്പത്തികമായ 'അക്കോമഡേഷൻ' അനിവാര്യമാണെന്ന് മാരാർ ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസ് അല്ലെങ്കിൽ ബിജെപി പോലുള്ള ദേശീയ പാർട്ടികളിൽ നിൽക്കുമ്പോൾ ലഭിക്കുന്ന ഒരു വിലയോ റെസ്പെക്ടോ ഇവിടെ ലഭിക്കുന്നില്ലെന്നും അതല്ലെങ്കിൽ പദവികൾ ചോദിച്ചു വാങ്ങണമെന്നും മാരാർ ആവശ്യപ്പെടുന്നു. ഇതിൽ ലാഭത്തേക്കാൾ കൂടുതൽ നഷ്ടങ്ങൾ മാത്രമാണുള്ളതെന്നും ഓഡിയോയിൽ പറയുന്നു. ബിജെപിയുടെ സെൻട്രൽ ബോർഡുകളിലെങ്കിലും സ്ഥാനം ലഭിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന കാര്യവും സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. കൊട്ടാരക്കര സീറ്റ് എന്ന ലക്ഷ്യത്തോടെയാണ് താൻ ട്വന്റി-20യിലേക്ക് വന്നതെന്ന് അഖിൽ മാരാർ ഓഡിയോയിൽ തുറന്നു സമ്മതിക്കുന്നു.
താൻ നേരിട്ടത് ചതിയാണെന്നും സാബു എം. ജേക്കബ് തന്നോട് നീതി കാണിച്ചില്ലെന്നും ആരോപിച്ചാണ് അഖിൽ മാരർ ട്വന്റി ട്വന്റി വിട്ടത്. ബിജെപി തനിക്ക് തൃപ്പൂണിത്തുറ സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും അവിടെയും തന്നെ ഉൾക്കൊള്ളാതെ തൃക്കാക്കരയിലേക്ക് വിടുകയാണുണ്ടായതെന്നും, ഇത് രാഷ്ട്രീയമായ വഞ്ചനയാണെന്നും അദ്ദേഹം മുൻപ് ആരോപിച്ചിരുന്നു. താൻ നിരവധി തവണ അയച്ച സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്ന പരാതിയും അദ്ദേഹം ഉയർത്തുന്നുണ്ട്.
അഖിൽ മാരാർ ആവശ്യപ്പെട്ട ഇത്തരം വിലപേശലുകൾക്ക് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ വഴങ്ങാൻ കഴിയില്ലെന്നാണ് ട്വന്റി-20യുടെ നിലപാട്. കൂടുതൽ കാലം പാർട്ടിക്കൊപ്പം പ്രവർത്തിച്ചവർ അർഹരായിരിക്കെ, മാരാരുടെ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പാർട്ടി വക്താക്കൾ പറയുന്നു. അഖിൽ മാരാർ മുന്നോട്ടുവെക്കുന്ന വിലപേശൽ രാഷ്ട്രീയത്തോട് സന്ധി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കാനാണ് ട്വന്റി-20 ഈ തെളിവുകൾ പുറത്തുവിട്ടത്.
Content Highlights: Twenty-20 releases audio of Akhil Marar allegedly bargaining for political positions and financial benefits.