'നല്ലവാക്കുപറയുന്നതല്ലേ നല്ലത്?'; രാജി ആവശ്യപ്പെട്ട താമരശ്ശേരി ബിഷപ്പിനോട് മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: തന്റെ രാജി ആവശ്യപ്പെട്ട താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന് മറുപടിയുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ആരെക്കുറിച്ചായാലും തെറ്റ് തിരുത്താന്‍ നല്ലവാക്കു പറയുന്നതാണ് നല്ലതെന്ന് മന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചു. ബിഷപിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം.
'ബിഷപ്പുമാരോട് എനിക്ക് വളരേ ബഹുമാനമാണ്. അവര്‍ ഏറ്റവും സൗമ്യമായ ഭാഷയില്‍ സംസാരിക്കുന്നവരാണ്, ആശ്വസിപ്പിക്കുന്ന ആളുകളാണ്. ചില ഘട്ടങ്ങളില്‍ അങ്ങനെ തന്നെയാണോയെന്ന് തോന്നിപ്പോവാറുണ്ട്. അങ്ങനെ തോന്നിക്കുന്നത് അവര്‍ക്കാണ് ദോഷം. നല്ലവാക്കുപറയുന്നതല്ലേ നല്ലത്. ആരെക്കുറിച്ചായാലും നല്ലവാക്കുപറയുന്നതാണ് തെറ്റുതിരുത്താനും നല്ലത്. ഒരു മന്ത്രിയെ വിലയിരുത്താന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അഭിപ്രായപ്രകടനം നടത്തും. പക്ഷേ, സാധാരണപൗരന്മാരുടെ കൂട്ടത്തില്‍ ഞാന്‍ ബിഷപ്പുമാരെ പെടുത്തുന്നില്ല. അവര്‍ അതില്‍ ഉപരിയായ സമീപനം സ്വീകരിക്കുന്നവരാണെന്നാണ് ഞാന്‍ പഠിച്ചുവെച്ചിരിക്കുന്നത്, അത് തെറ്റിപ്പോകരുതേ എന്നാണ് എന്റെ പ്രാര്‍ഥന', എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
വയനാട് അട്ടമലയില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റെമിജിയോസ് ഇഞ്ചനാനിയലിന്റെ പ്രസ്താവന. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനംമന്ത്രി രാജിവെക്കണമെന്നായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍. ധാര്‍മികമായി ഉത്തരം പറയണം. ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ഇവിടെയൊരു സര്‍ക്കാരും ഭരണസംവിധാനവുമുണ്ടോയെന്ന് അറിയണമെന്നും പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: A.K. Saseendran responds to Bishop Remigiose Inchananiyil`s call for his resignation