അനാവശ്യ പഴി; എ.കെ. ആന്റണിയെ പ്രകോപിപ്പിച്ചത് സഭയിൽ ആരും പ്രതിരോധിക്കാതിരുന്നത്

തിരുവനന്തപുരം: ശിവഗിരി, മുത്തങ്ങ പോലീസ് നടപടികളെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിട്ടും വർഷങ്ങൾക്കുശേഷവും തന്നെ കടന്നാക്രമിക്കുന്നതിലുള്ള പ്രയാസമാണ് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും നടത്തിയ പരാമർശങ്ങളും പ്രതിപക്ഷത്തു നിന്നാരും അതിനെ പ്രതിരോധിക്കാഞ്ഞതും ആന്റണിയെ വിഷമിപ്പിച്ചെന്നുവേണം കരുതാൻ.
ശിവഗിരിയിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചത് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ, നിയമിക്കപ്പെട്ട ജസ്റ്റിസ് ഭാസ്കരൻ നായർ കമ്മിഷനാണ്. ആ സർക്കാരിന്റെ കാലത്തുതന്നെ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിൽ പോലീസ് നടപടിയെ കമ്മിഷൻ ശക്തമായി ന്യായീകരിക്കുന്നുണ്ട്. ‘അവിടെ പോലീസിന്റെ അതിക്രമം ഉണ്ടായില്ലെന്നും പോലീസ് നടപടിയെ ന്യായീകരിക്കാവുന്നതാണെന്നും കമ്മിഷൻ മുൻ അധ്യായങ്ങളിൽ വിശദമാക്കിയിട്ടുണ്ട്’ എന്ന് റിപ്പോർട്ടിൽ (പേജ് 350) പറയുന്നു.
ബലപ്രയോഗത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെ കത്തിലെ ശക്തമായ ഭാഷ, ഇരുഭാഗത്തുമുള്ള സന്ന്യാസിമാരുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, സന്ന്യാസിമാരല്ലാത്തവരുടെ അനാവശ്യ സ്വാധീനം, മാധ്യമങ്ങളിലെ പ്രചാരണം, നിയന്ത്രണാധീനമല്ലാത്ത ജനക്കൂട്ടം എന്നിവയാണ് പോലീസ് ഇടപെടലിന് വഴിതെളിച്ചതെന്ന് കമ്മിഷൻ അഭിപ്രായപ്പെടുന്നുണ്ട്.
മുത്തങ്ങയിൽ ഭൂസമരം നടത്തിയ ആദിവാസികൾ വന്യജീവി സങ്കേതത്തിൽ താവളമടിക്കുകയും ഒരു പോലീസുകാരനെ ബന്ദിയാക്കി വധിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് പോലീസ് വെടിവെപ്പ് ഉണ്ടാകുകയും ഒരു ആദിവാസി യുവാവ് മരിക്കുകയും ചെയ്തത്. സിബിഐ റിപ്പോർട്ടിലും പോലീസ് നടപടി ന്യായീകരിക്കപ്പെടുന്നു.
മറുപടി പറയാൻ ആരുമുണ്ടായില്ല
ഇതേസമയം, താൻ കേരളം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയശേഷം ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ആരുമുണ്ടായില്ലെന്നും ചൊവാഴ്ചയും നിയമസഭയിലും ആരും പ്രതിരോധിച്ചില്ലെന്നുമുള്ള കുറ്റപ്പെടുത്തലുമുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തുനിന്ന് സംസാരിച്ചവർ ശിവഗിരി, മുത്തങ്ങ പോലീസ് നടപടികളിലെ ആക്ഷേപത്തിന് പ്രതിരോധം തീർക്കാഞ്ഞ സഹപ്രവർത്തകരോടുള്ള നീരസവും ആന്റണിയുടെ വാക്കുകളിൽ കാണാം. എന്നാൽ, നേരിട്ട് വിമർശിച്ച് സ്വന്തം പാളയത്തിലേക്ക് അദ്ദേഹം ആയുധം തിരിച്ചതുമില്ല.
തിരഞ്ഞെടുപ്പ് അടുത്തുവരവേ, സാമുദായികമായി മുതലെടുക്കാവുന്ന ശിവഗിരി പ്രശ്നവും ദുർബല വിഭാഗങ്ങളെ ബാധിക്കുന്ന മുത്തങ്ങ വിഷയവും വീണ്ടും എടുത്തിടുന്നത് തുടക്കത്തിലേ പ്രതിരോധിക്കേണ്ടതാണെന്നും ആന്റണി കാണുന്നു. ഇത് തന്റെ അവസാനത്തെ പത്രസമ്മേളനമല്ലെന്ന് പറയുന്നതിലൂടെ ഇത് സംബന്ധിച്ചുണ്ടാകുന്ന തുടർചർച്ചകൾക്കും തന്റെ മറുപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: ak antony police attack response