മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു, അൻവറുമായി നേരിട്ട് ചർച്ച നടത്തിയെന്ന് അജിത് കുമാർ; മൊഴി പുറത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണ സംഘത്തിന് എം.ആർ. അജിത് കുമാർ നൽകിയ മൊഴിപ്പകർപ്പ് പുറത്ത്. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചനയെന്നാണ് മൊഴിയിൽ അജിത് കുമാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ച് താൻ നേരിട്ട് പി.വി. അൻവറിനെ ചെന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കുന്നു.
പിവി അൻവർ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അജിത് കുമാർ മൊഴിയിൽ തള്ളിക്കളയുന്നുണ്ട്. പിവി അൻവറിന്റെ ഗൂഢ താത്പര്യങ്ങൾക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് അൻവർ തുടക്കമിട്ടത്. ഭാര്യയുടെ അച്ഛൻ തന്ന ഭൂമിയിലാണ് കവടിയാറിൽ വീടുവെക്കാൻ തുടങ്ങിയത്. അതിൽ ഒരു തരത്തിലുള്ള അനധികൃത സമ്പാദനവും ഇല്ലെന്നാണ് അദ്ദേഹം മൊഴിയിൽ പറയുന്നത്.
അൻവറിന്റെ നിയമപരമല്ലാത്ത നടപടികൾക്ക് തടസ്സം വരാതിരിക്കാൻ ക്രമസമാധാന ചുമതലയിൽ നിന്നും തന്നെ മാറ്റാൻ അദ്ദേഹവും ദേശദ്രോഹവിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും പോലീസ് വകുപ്പിനുള്ളിലെ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരും ചില സംഘടനാ നേതാക്കളും കൂടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നാണ് അജിത് കുമാർ മൊഴിയിൽ പറയുന്നത്.
ഫ്ലാറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഫ്ലാറ്റ് വാങ്ങിയപ്പോഴും വിൽപ്പന നടത്തിയപ്പോഴും വിശദാംശങ്ങൾ സർക്കാരിൽ അറിയിച്ചിരുന്നുവെന്ന് അജിത് കുമാർ വ്യക്തമാക്കി.
പി.വി. അൻവറുമായി അനുനയചർച്ച നത്തിയിരുന്നുവെന്ന് അജിത് കുമാർ മൊഴിയിൽ വ്യക്തമാക്കി. അൻവറിനെ നേരിട്ട് കണ്ട് സംശയങ്ങൾ തീർക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബാല്യ കാല സുഹൃത്തിനൊപ്പം പി.വി. അൻവറിന്റെ പട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി നേരിട്ടുകണ്ടുവെന്നും അജിത് കുമാർ വ്യക്തമാക്കി.
Content Highlights: M.R. Ajit Kumar Denies Illegal Wealth Allegations, Cites Conspiracy Within Police