കേരളത്തിന്റെ എയിംസ് വരേണ്ടത് കാസർകോട്ട്, കാരണങ്ങളുണ്ട്; ആരോഗ്യമന്ത്രിയും ഇതിനോടു യോജിക്കും

കാസർകോട്: കേരളത്തിന് കേന്ദ്രം അനുവദിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിന് നിലവിൽ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ളത് കാസർകോട്, തൃശൂർ, കോട്ടയം ജില്ലകൾ. കേന്ദ്രത്തിന് അന്തിമ ശുപാർശ നൽകാനുള്ള കളക്ടർമാരുടെ റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞിരുന്നു.
ജില്ലയിലെ പെരിയ പനയാലിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള 274.69 ഏക്കർ എയിംസ് നിർമാണത്തിന് തികച്ചും അനുയോജ്യമാണെന്ന് കളക്ടർ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ദേശീയപാത, റെയിൽവേ, വിമാനത്താവളങ്ങൾ എന്നിവയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നതാണ് ഈ സ്ഥലം. തൃശൂർ ചാലക്കുടിയിലെ സർക്കാർ പ്രസ്, വൈഗ ത്രെഡ്സ്, കൊരട്ടി സർക്കാർ ആശുപത്രി എന്നിവയുടെ ഭൂമി, കോട്ടയം വെള്ളൂരിൽ കെ.പി.പി.എല്ലിന്റെ 487.31 ഏക്കർ ഭൂമി എന്നിവയാണ് പരിഗണനയിലുള്ള മറ്റിടങ്ങൾ.
തലസ്ഥാനമായ തിരുവനന്തപുരത്തെ ഇനി എയിംസിനായി പരിഗണിച്ചേക്കില്ല. നെട്ടുകാൽത്തേരി തുറന്ന ജയിലിനോട് ചേർന്ന ഭൂമിയിൽ 75 ശതമാനവും ബ്രഹ്മോസിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് തിരുവനന്തപുരം പട്ടികയിൽ നിന്നു പുറത്തായത്. ആലപ്പുഴ പുറക്കാടുള്ള 630 ഏക്കർ മണക്കൽ പാടശേഖരവും നിലവിൽ പരിഗണനയിലില്ല.
എന്തുകൊണ്ട് കാസർകോട്?
എയിംസ് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്നത് ഏറെക്കാലമായുള്ള ജനകീയ ആവശ്യമാണ്. വടക്കേ മലബാറിന്റെ, പ്രത്യേകിച്ച് കാസർകോടിന്റെ കാലങ്ങളായുള്ള ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യവും ഉന്നതനിലവാരമുള്ളതുമായ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനും എയിംസ് ജില്ലയിൽ അത്യന്താപേക്ഷിതമാണ്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ സാന്നിധ്യം
ജില്ലയിലെ കശുമാവിൻ തോട്ടങ്ങളിൽ തളിച്ച മാരകവിഷമായ എൻഡോസൾഫാൻ കാരണമുണ്ടാണ്ടായ ശാരീരിക-മാനസിക വൈകല്യങ്ങളും അനുബന്ധ രോഗങ്ങളും തലമുറകളായി ഇവിടുത്തെ ജനങ്ങളെ വേട്ടയാടുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോഴും അയൽ സംസ്ഥാനങ്ങളെയോ വിദൂര ജില്ലകളെയോ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് സാധാരണക്കാർ.
ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ
തൃതീയതല ആരോഗ്യ പരിചരണ സംവിധാനങ്ങളുടെ കാര്യത്തിൽ വടക്കേ മലബാറും പ്രത്യേകിച്ച് കാസർകോടും നേരിടുന്ന വലിയ അന്തരം പരിഹരിക്കാൻ എയിംസ് ഇവിടെ അത്യന്താപേക്ഷിതമാണ്.
മന്ത്രി ശുപാർശ ചെയ്യണം
സർക്കാരിന്റെ പരിഗണനയിലുള്ള മൂന്ന് ജില്ലകളിൽ ഏറ്റവും രൂക്ഷമായ ആരോഗ്യ പിന്നാക്കാവസ്ഥയും എൻഡോസൾഫാൻ ദുരന്തവുമുള്ള കാസർകോടിന് പ്രഥമ പരിഗണന നൽകി കേന്ദ്രത്തിന് അന്തിമ ശുപാർശ നൽകണം. പെരിയ പനയാലിലെ 274.69 ഏക്കർ സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ വേഗത്തിലാക്കണം. ജില്ലയുടെ ഈ ജീവൽപ്രധാന ആവശ്യത്തിനായി ശക്തമായ ജനകീയ സമ്മർദം ഉയർത്താൻ രാഷ്ട്രീയ, സാമൂഹിക സംഘടനകളും ശ്രമിക്കണം.