'അതിൽ തെറ്റ് കാണേണ്ടതില്ല'; കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടതെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാന്തപുരം അബൂബക്കർ മുസ്ല്യാർ പത്രപ്രസ്താവന നടത്തിയതല്ല. അദ്ദേഹത്തിന്റെ സംഘടനയ്ക്ക് അകത്ത്, അദ്ദേഹത്തെ അംഗീകരിക്കുന്ന ആളുകളോട്, പാലിക്കേണ്ട ചിട്ടകളെ കുറിച്ച് പറയുന്ന സർക്കുലർ ഇറക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം പൊതുസമൂഹത്തോട് പറഞ്ഞിട്ടില്ല. അത് തന്നെ ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം, ഇഷ്ടമല്ലാത്തവർക്ക് സ്വീകരിക്കേണ്ടതില്ല. ജനാധിപത്യ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്. രാഷ്ട്രീയക്കാരാണ് രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടത്. രണ്ടും തമ്മിൽ കലഹിക്കേണ്ടതില്ല. മതത്തിന്റെ വീക്ഷണം അവർ മതം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ പറയും.' -അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രി വി.ഡി. സതീശൻ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി രംഗത്തുവന്നിരുന്നു. കാന്തപുരം പറഞ്ഞതിനെ സർക്കാരോ കോൺഗ്രസോ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. ഇസ്ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റേതെന്നും മുഖ്യമന്ത്രി പ്രതിവാര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പറഞ്ഞത്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: INL leader Ahammed Devarkovil defended Kanthapuram A.P. Aboubacker Musliyar's remarks on women, stating religious leaders issue guidelines for followers and politicians should not clash with religious views.