15 പേർക്ക് രോഗം, 12 പേർക്ക് രോഗമുക്തി; എറണാകുളത്തിന് ആശ്വാസദിനം

കൊച്ചി: കോവിഡ് സമ്പർക്കവ്യാപനം രൂക്ഷമായിക്കൊണ്ടിരുന്ന എറണാകുളം ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 12 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് അഞ്ചു പേർക്ക് മാത്രവും.
ശനിയാഴ്ച 47 പേർക്കും ഞായറാഴ്ച 50 പേർക്കുമായിരുന്നു എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗം പകർന്നിരുന്നത്.
രോഗവ്യാപനം രൂക്ഷമായ ആലുവ, ചെല്ലാനം മേഖകളിൽനിന്നുമാണ് ഇന്നും സമ്പർക്കരോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലുവയുടെ സമീപപ്രദേശങ്ങളായ എടത്തല, ആലങ്ങാട് (2 പേർ), ചൂർണിക്കര എന്നിവിടങ്ങളിൽ നിന്നും ചെല്ലാനത്ത് നിന്ന് ഒരാൾക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ജില്ലയിൽ ഇന്ന് 922 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 1015 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. വിവിധ ആശുപത്രികളിലായി 56 പേരെ നിരീക്ഷണത്തിലാക്കിയപ്പോൾ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 22 പേരെ ഡിസ്ചാർജ് ചെയ്തു.
Content Highlights: