മുഖംമൂടിയണിഞ്ഞ കോച്ചുമാർ, അധ്യാപകർ, ഡ്രൈവർമാർ...; വിജയ് മോഹൻ പടിയിറങ്ങുന്നത് ഉള്ളുലഞ്ഞ്

#സി. ശ്രീകാന്ത്
അഡ്വ. ആർ.എസ്. വിജയ് മോഹൻ
അഡ്വ. ആർ.എസ്. വിജയ് മോഹൻ

തിരുവനന്തപുരം: കളിപ്പാട്ടങ്ങൾക്ക് പകരം 'മൊഴി'കൾ കൈവശമുള്ള കുഞ്ഞുങ്ങളെത്തുന്ന പോക്സോ കോടതിമുറിയിൽ അവൾ നിന്നു. ലോകം അവളോട് സംസാരിച്ച ഭാഷയല്ല, അവളുടെ മനസ്സ് കേട്ടിരുന്നത്. അതുകൊണ്ടുതന്നെ കോടതിമുറിയിലെ ചോദ്യങ്ങളൊന്നും അവൾക്ക് മനസ്സിലായില്ല. ഒടുവിൽ പ്രോസിക്യൂട്ടർ ചോദിച്ചു:

''മോൾക്ക് എന്തൊക്കയാ ഇഷ്ടം?''

കുട്ടി പറഞ്ഞു: ''എനിക്ക് ഡാൻസ് പഠിക്കണം''

''പിന്നെ...''?

''പിന്നെ...എനിക്ക് കരാട്ടെ പഠിക്കണം..''

''അതെന്തിനാ?''

പ്രതിക്കൂട്ടിലേക്ക് തല ചെരിച്ച് ആ പെൺകുഞ്ഞ് പറഞ്ഞു: ''എന്നിട്ട്... അയാളെ ഇടിക്കണം...!''

മനസ്സിന്റെ താളം തെറ്റിയ ആ കൊച്ചുപെൺകുട്ടിയുടെ കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടത് ഈ രണ്ട് ചോദ്യങ്ങളിലൂടെയാണ്. നിശ്ശബ്ദബാല്യങ്ങളുടെ നിലവിളി മുഴങ്ങുന്ന പോക്സോ കോടതിയാണിത്. കുഞ്ഞുങ്ങൾക്ക് ബാല്യം അവസാനിപ്പിക്കേണ്ടിവരുന്ന ഇടനാഴി. തിരുവനന്തപുരം അതിവേഗ പോക്സോ സ്‌പെഷ്യൽ കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് കോട്ടയ്ക്കകം 'ചിരാഗി'ൽ അഡ്വ. ആർ.എസ്. വിജയ് മോഹൻ പടിയിറങ്ങുന്നത് ഉള്ളുലയ്ക്കുന്ന, ഉറക്കം കെടുത്തുന്ന അനുഭവങ്ങളും കുഞ്ഞുങ്ങളുടെ കണ്ണുനീരിന് നീതി ലഭിക്കാനായി നടത്തിയ പോരാട്ടങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ്. ഒപ്പം, ബാല്യങ്ങളെ മുറിവേൽപ്പിച്ച 150-ഓളം ക്രിമിനലുകൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ആത്മസംതൃപ്തിയുമുണ്ട്. ഏതറ്റംവരെ പോയും എല്ലാ പഴുതുകളുമടച്ചും ഇദ്ദേഹം ശിക്ഷ വാങ്ങിക്കൊടുത്തവരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് മുതൽ പൂജാരികളും അധ്യാപകരും ഇരകളുടെ രക്തബന്ധുക്കളും വരെയുണ്ട്. കണ്ണുനീർത്തുള്ളികൾ ഇവിടെ തെളിവുകളാണ്; ചില നിശ്ശബ്ദതകൾ മൊഴികളും.

മോഹൻലാൽ പറഞ്ഞു, നിങ്ങളാണ് ഒറിജിനൽ

''ഇത് അഡ്വ. വിജയ് മോഹൻ. പബ്ലിക് പ്രോസിക്യൂട്ടറാണ്.'' 'നേര്' സിനിമയുടെ സെറ്റിൽവെച്ച് ഒരാൾ വിജയ് മോഹനെ നടൻ മോഹൻലാലിന് പരിചയപ്പെടുത്തി. അമ്പരന്ന് മോഹൻലാൽ പറഞ്ഞു:

''ഞാനും വിജയ് മോഹനാണ്. പബ്ലിക് പ്രോസിക്യൂട്ടറുമാണ്. പക്ഷേ, ഞാൻ ഡ്യൂപ്ലിക്കേറ്റ്. നിങ്ങൾ ഒറിജിനൽ''. വിജയ് മോഹൻ പ്രോസിക്യൂട്ടറായി വാദിച്ച് പ്രതിക്ക് ശിക്ഷ നേടിക്കൊടുത്ത കേസായിരുന്നു ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം 'നേരി'ന്റെ ഇതിവൃത്തം. കുഞ്ഞുങ്ങളുടെ നിശ്ശബ്ദതയെപ്പോലും കേൾക്കുന്ന ആ കോടതിമുറിയിൽ മോഹൻലാൽ ജീവിച്ചിരിക്കുന്ന ആ പെൺകുഞ്ഞിനുവേണ്ടി വാദിച്ചുജയിച്ചു. സിനിമകളിൽ കാണുന്നതിനേക്കാൾ നീറുന്ന അനുഭവങ്ങളാണ് ആ കേസ് യഥാർഥ വിജയ് മോഹന് നൽകിയത്.

മുഖംമൂടിയണിഞ്ഞ കോച്ചുമാർ, അധ്യാപകർ, ഡ്രൈവർമാർ...

വീട്ടിലെ കണ്ണിലുണ്ണികളായ കുഞ്ഞുങ്ങൾക്കാണ് ബാല്യത്തെ പുറത്തുനിർത്തി വിചാരണക്കൂട്ടിൽ കയറേണ്ടിവരുന്നത്. കോച്ചുമാർ, സൈക്യാട്രിസ്റ്റുകൾ, അധ്യാപകർ, സ്‌കൂളിൽ എത്തിക്കുന്ന ഡ്രൈവർമാർ തുടങ്ങി സംരക്ഷിക്കേണ്ട ചുമതലയുള്ളവരാണ് പലപ്പോഴും കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. പീഡനത്തിനിരയായ മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയുടെ മൊഴിയെടുത്ത് പോലീസ് പ്രതിയെ വെറുതെ വിട്ടപ്പോൾ ആ പ്രതിക്ക് പിന്നീട് വിജയ് മോഹൻ ശിക്ഷ വാങ്ങിക്കൊടുത്തത് അപൂർവമായ വഴിയിലൂടെ സഞ്ചരിച്ചായിരുന്നു. വിചാരണ തുടങ്ങിയപ്പോൾ കുട്ടി കോടതിമുറിയിൽനിന്ന് ഇറങ്ങിയോടി. വിജയ് മോഹൻ പിന്നീട് കുട്ടിയുടെ നോട്ട് ബുക്കുകളും കുറിപ്പെഴുത്തുകളും കണ്ടെടുത്ത് 'നിഷി'ൽനിന്ന് കുട്ടികൾക്കുള്ള തെറാപ്പിസ്റ്റിനെ വരുത്തിച്ച് തെളിവുകൾ നിരത്തുകയായിരുന്നു. നേരിട്ട അനുഭവം കുട്ടി അവന്റെ മാത്രം ഭാഷയിൽ കുറിച്ചുവെച്ചിരുന്നു.

കുട്ടികളുടെ അശ്ലീലവീഡിയോ കാണുന്നവരെ അഴിയിലാക്കിയും ഇദ്ദേഹം അപൂർവവിധി നേടിയെടുത്തിട്ടുണ്ട്. ഒരു വിദേശകുട്ടിയുടെ പ്രായം കണ്ടെത്തി തെളിയിച്ച്, പീഡിയാട്രിക് വിദഗ്ധനെ കോടതിയിൽ കൊണ്ടുവന്നാണ് യമൻ സ്വദേശിയായ ഒരു പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്. 'സോഷ്യൽ മാസ്‌ക്' അണിഞ്ഞുനടക്കുന്ന സമൂഹത്തിൽ അറിയപ്പെടുന്ന പലരും ഈ കോടതിയിൽ നിന്ന് വിയർത്തു. കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഒരു പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സുപ്രീംകോടതിവരെ പോയി തന്നെ അറസ്റ്റ് ചെയ്യാതിരിക്കാൻ വിധി സമ്പാദിച്ചു. എന്നാൽ, അയാളൊരു സ്ഥിരംകുറ്റവാളിയാണെന്ന് തെളിയിച്ച് വിജയ് മോഹൻ ഒടുവിൽ ശിക്ഷ വാങ്ങിനൽകി.

ഒൻപതുകാരിയെ പീഡിപ്പിച്ച അമ്മൂമ്മയുടെ കാമുകന് ഇരട്ടജീവപര്യന്തം, കൊച്ചുമകളെ പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം, വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 111 വർഷം, ഭിന്നശേഷിക്കാരിയെ ആക്രമിച്ചയാൾക്ക് 47 വർഷം...ഇദ്ദേഹത്തിന് മുന്നിലെത്തിയ കേസുകളിലെ വിധികൾ ഇങ്ങനെ നീളുന്നു.

''വേണ്ട സാർ, എനിക്ക് ഗുരുശാപം കിട്ടും''

അടുത്തിടെ കേരളമാകെ ചർച്ച ചെയ്ത കേസായിരുന്നു ക്രിക്കറ്റ് പരിശീലകൻ എം. മനുവിന് 42 വർഷം കഠിനതടവ് ലഭിച്ച സംഭവം. ഇയാൾ കാട്ടിക്കൂട്ടിയ ലൈംഗികാതിക്രമങ്ങൾ കായികരംഗത്തെ സ്വപ്നങ്ങളോർത്ത് പല കുട്ടികളും പുറത്തുപറഞ്ഞില്ല. പരാതിയുമായെത്തിയ കുട്ടികളെക്കൊണ്ട് കോടതിയിൽ മൊഴി മാറ്റിപ്പറയിച്ച് ഇയാൾ രക്ഷപ്പെട്ടുകൊണ്ടിരുന്നു. ''എനിക്ക് ഗുരുശാപം കിട്ടു''മെന്ന് പറഞ്ഞ് പ്രോസിക്യൂട്ടറുടെ കാലുപിടിച്ച കുട്ടികൾ വരെയുണ്ടായിരുന്നു. നന്നായി കളിക്കാത്തതിനാലും ടീമിൽ ഉൾപ്പെടുത്താത്തതിനാലും കുട്ടികൾ കള്ളം പറയുന്നതാണെന്ന് പ്രതി ഇവരുടെ രക്ഷിതാക്കളെ പോലും ബോധ്യപ്പെടുത്തിയിരുന്നു. ഒടുവിൽ ''സംരക്ഷകൻതന്നെ വേട്ടക്കാരനാകുന്നു'' എന്ന വാക്കുകളിലൂടെ വിജയ് മോഹൻ വാദം പറഞ്ഞുനിർത്തുമ്പോൾ ഇയാൾക്ക് അഴിക്കുള്ളിലേക്ക് വഴി തെളിഞ്ഞു.

Content Highlights: Adv. R.S. Vijay Mohan secured convictions for over 150 criminals in POCSO cases., His legal strategy involves unconventional evidence gathering, including therapeutic notes and medical expert testimony., He successfully prosecuted high-profile offenders including coaches, teachers, and relatives., His real-life legal battles inspired the Malayalam film 'Nerum'.