രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ ഒറ്റക്കെട്ട്- അടൂർ പ്രകാശ്

#ന്യൂസ് ഡെസ്‌ക്
രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്
രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെയുള്ള രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കോൺഗ്രസിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും പാലിച്ചാണ് അന്തിമ തീരുമാനമെടുത്തതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) എടുത്ത തീരുമാനം അനുസരിച്ച് വി.ഡി. സതീശനെ മുന്നണിയുടെ നേതാവായി തിരഞ്ഞെടുത്തിരിക്കുകയാണ്. യുഡിഎഫ് 102 സീറ്റുകളുമായി വിജയം കൈവരിച്ച പശ്ചാത്തലത്തിൽ എടുത്ത ഈ തീരുമാനത്തെ പൂർണമായി സ്വാഗതം ചെയ്യുന്നതായും, എല്ലാവരും ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണാതെ മടങ്ങിയത് അസ്വസ്ഥത കൊണ്ടാണോ എന്ന ചോദ്യത്തിന്, അത്തരം അസ്വസ്ഥതകൾക്കൊന്നും ഇനി പ്രസക്തിയില്ല എന്നായിരുന്നു മറുപടി. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പൂർണമായി അംഗീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആരുടെയെങ്കിലും വ്യക്തിപരമായ എതിർപ്പ് മുന്നണിയുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലയിടങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഇവ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വരുംദിവസങ്ങളിൽ അവ അവസാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഘടകകക്ഷികളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത് എന്ന ആക്ഷേപം അദ്ദേഹം തള്ളിക്കളഞ്ഞു. മുന്നണിയിലെ എല്ലാവർക്കും അഭിപ്രായംപറയാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടശേഷമാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

Content Highlights: Adoor Prakash dismisses Ramesh Chennithala's dissatisfaction as irrelevant., Reaffirms that the High Command's decision on V.D. Satheesan is final., UDF remains united following the 102-seat victory., Denies allegations of external pressure from coalition partners in the decision-making process.