ബ്രേക്ക് പോയി, അടൂരിൽ KSRTC ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; പോലീസുകാർക്കും പ്രതികൾക്കും പരിക്ക്

#സ്വന്തം ലേഖകന്‍

അടൂർ: പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിന് പിറകിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവർക്കും പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ(49), സിജു എബ്രഹാം(39) എന്നിവർക്കും ബസിൽ യാത്രചെയ്ത കായംകുളം സ്വദേശിയായ ഷീജ(52)യ്ക്കുമാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു സമീപം അർബൻ ബാങ്കിനു സമീപത്താണ് അപകടമുണ്ടായത്. പുനലൂരിൽനിന്ന് കായംകുളത്തിന് പോയ ഓർഡിനറി ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് ബസ് ഡ്രൈവർ രാജേന്ദ്രൻ പറയുന്നത്. കായംകുളം ഡിപ്പോയിലെ ബസായിരുന്നു. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ അപകടത്തിൽപ്പെട്ട ജീപ്പ് മുന്നിലെ മറ്റൊരുബസിലും ഇടിച്ചു. ജീപ്പ് പൂർണമായും തകർന്നു. അടിപിടി കേസിൽ റിമാൻഡിലായ പ്രതികളെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടത്.

Content Highlights: Accident in Adoor: KSRTC bus crashes into a police jeep carrying prisoners, injuring police officers and detainees. Read details.