കറന്റ് പോയപ്പോൾ കുട്ടികൾ നിലത്ത് ഇഴഞ്ഞു; ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവനെടുത്തത് കുപ്പിപൊട്ടി നിലത്ത് ഇറ്റുവീണ കീടനാശിനി

അടിമാലി: ഒരുവയസ്സുമാത്രമുള്ള ഇരട്ടക്കുട്ടികളുടെ ജീവനെടുത്തത് കാലപ്പഴക്കംമൂലം ടിൻ പൊട്ടി തറയിലേക്ക് ഒഴുകിയ കീടനാശിനി. കീടനാശിനി ഉള്ളിൽച്ചെന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം.
ഒഴുവത്തടം വലിയകാട്ടിൽ അഫ്‌സൽ-സാന്ദ്ര ദമ്പതിമാരുടെ പിഞ്ചുമക്കളായ റിഹാനും ഇഹാനുമാണ് മരിച്ചത്. അടുക്കളയുടെ കോൺക്രീറ്റ് തട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി പൊട്ടി താഴേക്ക് ഒഴുകിയ ഭാഗത്തുകൂടി ഇഴഞ്ഞുനടന്ന കുട്ടികളുടെ ഉള്ളിൽ വിഷം അബദ്ധത്തിൽ എത്തുകയായിരുന്നു. അവശരായ കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.
ഇവർ താമസിക്കുന്ന വാടകവീട്ടിൽ കുട്ടികളുടെ അച്ഛൻ അഫ്‌സൽ, മൂത്തമകൻ രണ്ടര വയസ്സുകാരൻ അഹിലിനൊപ്പം മുറിയിൽ ടി.വി. കാണുകയായിരുന്നു. ആസമയം കറന്റ് പോയി. സാന്ദ്ര അടുക്കളയിലായിരുന്നു. ഇരട്ടക്കുട്ടികളും അവിടെ ഇഴഞ്ഞുനടന്നു. പിന്നീടാണ്, കുട്ടികൾ അസ്വസ്ഥത കാണിക്കുന്നത് ശ്രദ്ധിച്ചത്. കുട്ടികളുടെ കൈകളും മുഖവുമൊക്കെ കഴുകി. അപ്പോൾത്തന്നെ മാതാപിതാക്കൾ പരിസരം ശ്രദ്ധിച്ചു. അപ്പോഴാണ് പച്ചനിറത്തിലുള്ള ദ്രാവകം അടുക്കളയുടെ കോൺക്രീറ്റ് തട്ടിനുതാഴെ ഒഴുകിപ്പരന്ന് കിടക്കുന്നതായി കണ്ടത്. കുട്ടികളുടെ കൈകളിലും നിറം കണ്ടു. മാതാപിതാക്കൾ കരുതിയത്, ഇത് തിന്നർപോലെയുള്ള എന്തോ ദ്രാവകമാണെന്നാണ്. കുട്ടികൾ കൂടുതൽ അസ്വസ്ഥത കാണിക്കുകയും ചെയ്തു.
ഉടൻ അടിമാലിയിലേക്ക് കൊണ്ടുപോയി. ഒരുകുട്ടി വഴിമധ്യേ മരിച്ചു; രണ്ടാമത്തെ കുട്ടി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും.വെള്ളിയാഴ്ച രാവിലെ പത്തോടെ കുട്ടികളുടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്‌മോർട്ടം. കുട്ടികളുടെ ആമാശയത്തിൽനിന്ന് വിഷാംശം കണ്ടെത്തിയാതായി ഡോക്ടർ, പോലീസിനെ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയപരിശോധനാ റിപ്പോർട്ടും വന്നാലേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ. മൃതദേഹങ്ങൾ പത്താംമൈൽ ടൗൺ ജുമാ മസ്ജിദിൽ കബറടക്കി.
ദുരൂഹതയില്ല
കുടുംബം താമസിച്ചിരുന്ന വാടകവീട്ടിൽ പോലീസ് പരിശോധന നടത്തി. അടുക്കളയുടെ കോൺക്രീറ്റ് തട്ടിൽ പഴകിയ കീടനാശിനിക്കുപ്പി കണ്ടെത്തി. തകരക്കുപ്പിയുടെ അടിവശം കാലപ്പഴക്കത്താൽ പൊട്ടി ദ്രാവകം പുറത്തേക്ക് ഒഴുകിയിട്ടുണ്ടായിരുന്നു. കാലങ്ങളായി ഈ കുപ്പി തുറന്നിട്ടില്ല.
അടുക്കളയുടെ നിലത്തും തട്ടിലും വിഷം ഒലിച്ചിറങ്ങിയിട്ടുണ്ട്. ഇത്രയും വലിയ വിഷമാണ് വാടകവീട്ടിൽ ഉണ്ടായിരുന്നതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ ദുരൂഹതയില്ലെന്ന് മനസ്സിലായതായി അടിമാലി എസ്.എച്ച്.ഒ. അജീഷ് കെ. ജോൺ പറഞ്ഞു.
Content Highlights: One-year-old twins died after consuming leaked pesticide in Adimali, Idukki., The pesticide leaked from an old tin kept on the kitchen concrete slab., Post-mortem examination confirmed poison traces in the children's stomachs., Police confirmed there is no foul play involved in the tragic incident.