സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കി.മീ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

#ന്യൂസ് ഡെസ്ക്
പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ്
പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ്

ചാത്തന്നൂർ: ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരേ വേറിട്ട പ്രതിഷേധവുമായി ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്. മന്ത്രിയും മേയറുമടക്കം പങ്കെടുത്ത പരിപാടിക്കായി വാഹനം വിട്ടുകൊടുക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് ആണ് പതിനഞ്ച് കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയെത്തി പ്രതിഷേധിച്ചത്.

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളികളുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ പോകാനായി പഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്ത് സെക്രട്ടറി വാഹനം നൽകരുതെന്ന് ഡ്രൈവർക്ക് നിർദേശം നൽകി. ഔദ്യോഗിക പരിപാടിയല്ലെന്ന് പറഞ്ഞാണ് വാഹനം നിഷേധിച്ചത്.

തുടർന്നാണ് ആദിച്ചനല്ലൂരിൽനിന്നും പരിപാടി സ്ഥലം ആയ പോർട്ട് കൊല്ലം വരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചത്. ഏകദേശം അഞ്ഞൂറിലധികം ഗാർഹിക തൊഴിലാളികൾ പങ്കെടുത്ത ദേശീയതലത്തിലെ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രധാന അതിഥികളിൽ ഒരാൾ ആയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയും കൊല്ലം മേയറും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്തിൽ തുടങ്ങിയ ടാർ മിക്‌സിങ് യൂണിറ്റിനെതിരെ 21 പഞ്ചായത്താംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റായ ജിനോക്കിയാണ് ഇതിന് നേതൃത്വം നൽകിയത്. ഇതിനോടുള്ള വൈരാഗ്യമാണ് സെക്രട്ടറി വാഹനം വിട്ടുകൊടുക്കാത്ത സാഹചര്യത്തിലേക്ക് എത്തിയത് എന്നാണ് ആരോപണം. പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിനോട് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ചിലർ രേഖാമൂലം വൈസ് പ്രസിഡന്റിനോട് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയെ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നു വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങിൽവെച്ച് ഉറപ്പ് നൽകിയതായി പ്രസിഡന്റ് പറഞ്ഞു.

കൊട്ടിയത്തെ ഒറ്റപ്ലാമൂട് പ്രദേശത്തു പ്രവർത്തനം ആരംഭിച്ച താർ മിക്‌സിങ് ഫാക്ടറിക്കെതിരെയാണ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾ പ്രതിഷേധിച്ചത്. ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകുന്ന രീതിയിൽ താർ മിക്‌സിങ് യൂണിറ്റ് പ്രവർത്തിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയത്. 

Content Highlights: Panchayat President Ginoki Edward cycled 15km to a government event., Protest initiated after the Panchayat Secretary denied access to the official vehicle., The event was the International Domestic Workers Day anniversary in Kollam., Allegations suggest the denial was due to a personal vendetta regarding a local tar-mixing unit., Minister Bindu Krishna promised to take action against the secretary.