പയ്യന്നൂര്‍ തുരീയം സംഗീതോത്സവം: പാട്ടുപാടി മനംമയക്കി എഡിജിപി എസ്. ശ്രീജിത്ത്

പയ്യന്നൂരിൽ തുരീയം സംഗീതോത്സവത്തിൽ എഡിജിപി എസ്. ശ്രീജിത്ത് പാടുന്നു
പയ്യന്നൂരിൽ തുരീയം സംഗീതോത്സവത്തിൽ എഡിജിപി എസ്. ശ്രീജിത്ത് പാടുന്നു

പയ്യന്നൂര്‍: 'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍, പരബ്രഹ്‌മമൂര്‍ത്തി ഓച്ചിറയില്‍, ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ നിത്യവും നിന്റെ നാമം'- പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ തുരീയം സംഗീതോത്സവ സന്ധ്യയില്‍ ശനിയാഴ്ച പാടാനെത്തിയത് എഡിജിപി എസ്. ശ്രീജിത്ത്.

ശാസ്ത്രീയസംഗീതവഴിയില്‍ സഞ്ചരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പാട്ടുകള്‍ തുരീയം വേദിയെ തഴുകിയുണര്‍ത്തി. പല പാട്ടുകള്‍ക്കും ശേഷമാണ് ശ്രീജിത്ത് അര്‍ധശാസ്ത്രീയ കീര്‍ത്തനങ്ങളും പാടി സദസ്സിനെ കൈയിലെടുത്തത്. അതിലൊരു ഗാനമായിരുന്നു 'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും'- എന്നു തുടങ്ങുന്ന പാട്ട്.

ഭൈരവി അടതാള വര്‍ണം പാടിയാണ് എഡിജിപി ആരംഭിച്ചത്. പാട്ടിന്റെ മഹാരഥന്മാര്‍ വന്ന് പാടിക്കൊണ്ടിരിക്കുന്ന 111 ദിനങ്ങള്‍ നീളുന്ന സംഗീതോത്സവത്തിന്റെ എണ്‍പത്തിരണ്ടാം ദിവസത്തെ ധന്യമാക്കാനാണ് ശ്രീജിത്ത് എത്തിയത്. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് തുരീയം വേദിയില്‍ പാടുന്നത്.

ത്യാഗരാജകൃതിയായ പഞ്ചരത്‌നത്തിലെ 'എന്തൊരു മഹാനുഭാവലു' അടക്കം മോഹനരാഗ കീര്‍ത്തനങ്ങളും എഡിജിപി പാടി. കല്യാണിരാഗത്തിലുള്ള കീര്‍ത്തനങ്ങളാണ് പ്രധാന രാഗമായി ആലപിച്ചത്. വയലിനില്‍ മീനാക്ഷി ദേവും മൃദംഗത്തില്‍ പുനലൂര്‍ മുരളിയും ഘടത്തില്‍ എണ്ണക്കാട് മഹേശ്വരനും ഗഞ്ചിറയില്‍ അനന്തകൃഷ്ണനും ഒപ്പം ചേര്‍ന്നതോടെ അതൊരു അസുലഭ സംഗീതവിരുന്നായി.

കഴിഞ്ഞവര്‍ഷമാണ് തുരീയം സംഗീതോത്സവത്തില്‍ പാടാന്‍ ആദ്യമായായി ഇദ്ദേഹം എത്തിയത്. പൊതുവേദിയില്‍ ആദ്യത്തെ കച്ചേരിയായിരുന്നു. അതിനു മുന്‍പ് തിരുവയ്യാറില്‍ പാടിയിരുന്നെങ്കിലും ഒരു മുഴുനീള കച്ചേരി ആദ്യമായാണ് അവതരിപ്പിച്ചത്. അതാകട്ടെ തുരീയം വേദിയിലും. മുന്‍പ് ലളിതഗാനങ്ങള്‍ പഠനകാലത്ത് സര്‍വകലാശാലയിലും പിന്നീട് ആകാശവാണിയിലും പാടിയിട്ടുണ്ട്. സിനിമയിലും പാടി. കച്ചേരിക്കായി പന്തളം ബാലന്‍ എന്ന ഗുരുവില്‍നിന്നും കര്‍ണാടകസംഗീതം പഠിച്ചു. അമ്മ എസ്.കെ. സുഭദ്രാമ്മ സംഗീതജ്ഞയായിരുന്നു. വയലിന്‍ വിദഗ്ധയാണ്.

അവര്‍ കച്ചേരി അവതരിപ്പിച്ചിരുന്നു. ആകാശവാണിയിലും സംഗീത പരിപാടി അവതരിപ്പിച്ചു. ആ പാരമ്പര്യത്തിന്റെ വഴിയിലായതിനാല്‍ ഏറെ ഇഷ്ടമാണ് സംഗീതം. കേള്‍ക്കാനും പാടാനും-അദ്ദേഹം പറഞ്ഞു. തുരീയം സംഗീതോത്സവത്തിന്റെ എണ്‍പത്തിമൂന്നാം ദിവസമായ ഞായറാഴ്ച സിക്കിള്‍ ഗുരുചരണ്‍ പാടും. എച്ച്.എന്‍. ഭാസ്‌കര്‍ (വയലിന്‍), കെ.വി. പ്രസാദ് (മൃദംഗം), വാഴപ്പള്ളി കൃഷ്ണകുമാര്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.

Content Highlights: ADGP S. Sreejith enthralled the audience at the Thuriyam music festival with his Carnatic music