എം.ആര്‍. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര: വിശദീകരണം തള്ളി പോലീസ് മേധാവി; നടപടിക്ക് ശുപാര്‍ശ

എം.ആർ. അജിത്കുമാർ | Photo: Mathrubhumi
എം.ആർ. അജിത്കുമാർ | Photo: Mathrubhumi

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച്, ട്രാക്ടറില്‍ ശബരിമലയിലേക്കുപോയ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. യാത്രയെക്കുറിച്ച് എഡിജിപി നല്‍കിയ വിശദീകരണം തള്ളിയാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. മുഖ്യമന്ത്രിയുടെ നിലപാട് ഇനി നിര്‍ണായകമാവും.

ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയ സംഭവമായതിനാല്‍ ബറ്റാലിയന്‍ എഡിജിപി ചുമതലയില്‍ നിന്നും അജിത്കുമാറിനെ നീക്കാനാണ് സാധ്യതയെന്നും അറിയുന്നു. കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ എന്ത് നടപടിയെടുത്തു എന്നായിരുന്നു സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം.

തുടര്‍ന്ന്, സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി. കാലുവേദനയായതിനാലാണ് ട്രാക്ടര്‍ യാത്ര നടത്തിയതെന്ന എഡിജിപിയുടെ വിശദീകരണം പോലീസ് മേധാവി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കാനായിരുന്നു നേരത്തെയുള്ള ആലോചന. 

എന്നാല്‍, എന്തു നടപടിയെടുത്തെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചാല്‍ സര്‍ക്കാരും പോലീസും പ്രതിരോധത്തിലാവും. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കണമെന്നുള്ള പോലീസ് മേധാവിയുടെ ആവശ്യമെന്നാണ് വിവരം. 

Content Highlights: mr ajithkumar faces action for violating high court order for using a tractor to reach sabarimala