അജിത് കുമാര്‍-ആര്‍എസ്എസ് കൂടിക്കാഴ്ച: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി

മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറും |ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറും |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ചും പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കി. എന്‍.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നല്‍കിയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്.

 ഇന്നലത്തെ സ്ഥിതി ആവര്‍ത്തിക്കരുതെന്ന അഭ്യര്‍ഥനയോട് കൂടി ഈ പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിക്കാണ് രണ്ടു മണിക്കൂര്‍ ചര്‍ച്ച ആരംഭിക്കുക.

നിയമസഭയില്‍ തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ താക്കീത് നല്‍കി. നിയമസഭയില്‍ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് നടപടി.

മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ്  ജോസഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന പ്രമേയം പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി.അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിഷേധക്കാരെ ചര്‍ച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിര്‍ത്തിവക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Content Highlights: ADGP Ajit Kumar-RSS meeting-Permission to discuss adjournment notice