തുഴയുക മാത്രമല്ല,ആടിയുലയുന്ന കയാക്ക് ബോട്ടിലിരുന്ന് ശീർഷാസനം ചെയ്യും ഈ രണ്ടാം ക്ലാസുകാരൻ

പഴയങ്ങാടി: ചെറുപ്പം മുതൽതന്നെ ജ്യേഷ്ഠത്തി സ്വാലിഹയുടെ സാഹസികവിനോദങ്ങളും പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളും മുഹമ്മദ് സ്വബാഹിനെ ആകർഷിച്ചിരുന്നു. സഹോദരിയുടെ വഴിയേ തന്നെയാണ് ഇപ്പോൾ ഈ മിടുക്കനും. സാഹസികവിനോദമായ കയാക്കിങ്ങിൽ ഈ രണ്ടാംക്ലാസുകാരൻ കാണിക്കുന്ന പ്രകടനങ്ങൾ അദ്ഭുതപ്പെടുത്തും.
വെറുതേ കയാക്ക് തുഴയുക മാത്രമല്ല, സ്വബാഹ് ചെയ്യുന്നത്. കാറ്റിലും ആടിയുലയുന്ന ചെറിയ കയാക്ക് ബോട്ടിലിരുന്ന് ശീർഷാസനം നിസ്സാരമായി ചെയ്യും.
സാഹസികപ്രിയനായ പിതാവിന്റെ കയാക്കിലായിരുന്നു സ്വാലിഹയും അനുജത്തി സമീഹയും മുഹമ്മദ് സ്വബാഹും കയാക്കിങ് പരിശീലിച്ചത്. ഇതിൽ സ്വാലിഹ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളും സാഹസിക പ്രവർത്തനങ്ങളും നടത്തി പാഠപുസ്തകങ്ങളിൽവരെ ഇടംപിടിക്കുകയും സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
റോളർസ്കേറ്റിങ്ങിലും റിപ്പ്‌സ്റ്റിക്ക് ബോർഡ് റൈഡിലും മികവ് തെളിയിച്ചു. അടുത്തകാലത്ത് കവ്വായി കായൽ നീന്തിക്കടന്ന ടെക്നിക്കൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ചേച്ചി സമീഹയോടൊത്ത് പുതിയങ്ങാടിയിലെ മലബാർ കളരിയിൽനിന്ന് കളരികൂടി പരിശീലിക്കുന്നുണ്ട്. ക്രേസി സ്വബാഹ് എന്ന യൂട്യൂബ് ചാനലുമുണ്ട് സ്വബാഹിന്.
ടെക്നിക്കൽ സ്കൂൾ ജീവനക്കാരനായ റഫീഖ് ഏണ്ടിയിലിന്‍റെയും കെ.വി. ജാസ്മിന്റെയും മകനാണ്.
Content Highlights: adeventurous kayaking student kannur