ഓര്‍മയില്ലെന്ന് ഇടവേള ബാബു, അക്കാര്യം സ്ഥിരീകരിക്കാതെ സിദ്ദീഖും ഭാമയും; കേസില്‍ കൂറുമാറിയ സാക്ഷികള്‍

#ന്യൂസ് ഡെസ്‌ക്
ഭാമ, ഇടവേള ബാബു, സിദ്ദീഖ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
ഭാമ, ഇടവേള ബാബു, സിദ്ദീഖ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുമുണ്ടായിരുന്നു. സിനിമാ താരങ്ങളായ ഇടവേള ബാബു, സിദ്ദീഖ്, ഭാമ, ബിന്ദു പണിക്കര്‍ എന്നിവരാണ് കോടതിയില്‍ മൊഴിമാറ്റി പറഞ്ഞത്. ഇടവേള ബാബു അന്ന് താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.

കേസിലെ എട്ടാംപ്രതിയായ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി 'അമ്മ'യില്‍ നേരത്തേ പരാതി നല്‍കിയിരുന്നുവെന്നാണ് ഇടവേള ബാബു പോലീസിന് മുന്നില്‍ മൊഴി നല്‍കിയത്. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും ഇടവേള ബാബു പോലീസിന് മുന്നില്‍ വെളിപ്പെടുത്തി. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്ന് ദിലീപിനോട് ചോദിച്ചു. ഒരു സ്‌റ്റേജ് പരിപാടിക്കിടെ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനുശേഷം കാവ്യാമാധവനും നടിയും തമ്മില്‍ മിണ്ടാതായെന്നും ഇടവേള ബാബു പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍, കോടതിയില്‍ എത്തിയപ്പോള്‍ ഇടവേള ബാബു ഈ മൊഴിയെല്ലാം മാറ്റി. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി പറഞ്ഞ് നടി പരാതിപ്പെട്ടത് ഓര്‍മയില്ലെന്നായിരുന്നു ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷിയായ നടി ബിന്ദു പണിക്കരും കോടതിയില്‍ മൊഴിമാറ്റിയിരുന്നു. സിദ്ദീഖും നടി ഭാമയും സമാനരീതിയില്‍ മൊഴി മാറ്റി. 'അമ്മ'യുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും നടിയും തര്‍ക്കമുണ്ടായെന്നാണ് സിദ്ദീഖും ഭാമയും ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, കോടതിയിലെ സാക്ഷിവിസ്താരത്തിനിടെ ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ സിദ്ദീഖും ഭാമയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

Content Highlights: Key witnesses including actors Idavela Babu, Siddique, Bhama, and Bindu Panicker have turned hostile during the actress assault case trial in Kochi, changing their statements.