പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം; സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചു

ശ്രീജിത്ത് രവി
ശ്രീജിത്ത് രവി

കൊച്ചി: പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തനിക്ക് മാനസിക വൈകല്യമുണ്ടെന്നും സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

തൃശൂര്‍ അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ ജൂലായ് നാലിനാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃശ്ശൂര്‍ അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. ഇതോടെയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചത്. 

തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലെ അതേ വാദഗതികളാണ് ശ്രീജിത്ത് രവി ഹൈക്കോടതിയിലും ആവര്‍ത്തിച്ചത്. 2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജയിലില്‍ തുടരേണ്ടിവരുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കാറിലെത്തിയാണ് നടന്നുവരികയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരേ ശ്രീജിത്ത് രവി നഗ്‌നതാപ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്നതിന് മുമ്പുതന്നെ ഇയാള്‍ ഇവിടേക്ക് കാറിലെത്തിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ വന്നപ്പോള്‍ കാറില്‍നിന്നിറങ്ങി അവരെ വിളിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇയാള്‍ സിനിമാ നടനാണെന്ന് കുട്ടികളോ ഇവരുടെ വീട്ടുകാരോ തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഈ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. ഇതോടെയാണ് കാറില്‍ വന്നത് നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Content Highlights: actor rreejith ravi granted bail in pocso case