'ശേഷം MA ബേബി ഇരിക്കുന്നിടത്തേക്ക് ഞാൻ വന്നു, അവിടെ സാധാരണക്കാരായ ആളുകൾക്കിടയിൽ അദ്ദേഹം ഇരിക്കുന്നു'

സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പി.ബി. അംഗം എം.എ. ബേബി. ഒരു വിമാന യാത്രയ്ക്ക് മുന്നോടിയായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ച് എം.എ. ബേബിയെ കണ്ടുമുട്ടിയതിനെക്കുറിച്ച് അനുസ്മരിക്കുന്നുണ്ട് അന്തരിച്ച നടനും എം.പി.യുമായിരുന്ന ഇന്നസെന്റ്. മാതൃഭൂമി പ്രസിദ്ധീകരിച്ച, 'ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും' എന്ന പുസ്തകത്തില്‍നിന്നുള്ള ഭാഗം:
"ഇന്നത്തെക്കാലത്ത് ഒരു എം.പി. ആവാന്ന് വെച്ചാല്‍ നല്ല മെച്ചല്ലേ, 'പലരും ചോദിക്കാറുണ്ട്. അമ്പതിനായിരം ഉറുപ്പ്യ ശമ്പളം, അറുപതിനായിരം ഉറുപ്പ്യയോളം അലവന്‍സ്...എല്ലാംണ്ട്. പക്ഷേ, തരക്കേടില്ലാതെ സിനിമ കിട്ടിക്കൊണ്ടിരുന്ന എന്നെപ്പോലൊരാള്‍ക്ക് ഇതുകൊണ്ട് കാര്യങ്ങള്‍ നടക്കോന്ന് ചോദിച്ചാല്‍, കഷ്ടിയാണ്. സത്യം പറഞ്ഞാല്‍ പൈസേടെ വില മനസ്സിലാക്കിത്തരാന്‍ വേണ്ടീട്ടാണോ ദൈവം എന്നെ എം.പി. ആക്കീത് എന്നുപോലും തോന്നാറുണ്ട്.
അങ്ങനെയൊക്കെയാണെങ്കിലും ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കിട്ടുന്ന ശമ്പളത്തില്‍നിന്ന് പാര്‍ട്ടിക്കൊന്നും കൊടുക്കേണ്ട. പാര്‍ട്ടിയംഗമാകാതെ മരണംവരെ സ്വതന്ത്രനായിരിക്കാന്‍ പറ്റിയാല്‍ അത്രയും ലാഭം. ഇപ്പോള്‍ എന്റെ വിമാനയാത്രകള്‍ എക്സിക്യൂട്ടീവ് ക്ലാസിലാണ്. (എക്‌സിക്യൂട്ടീവ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നൊന്നും ഞാന്‍ പറയാറില്ല. സാധാരണക്കാര്‍ക്ക് അങ്ങനെ പറഞ്ഞാല്‍ മനസ്സിലാവുകയുമില്ല. അതുകൊണ്ട് ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എന്നു പറയാം). ഫസ്റ്റ് ക്ലാസില്‍ ഡല്‍ഹിയില്‍ പോയി തിരിച്ചുവരാന്‍ ഒരു ലക്ഷത്തി ഇരുപതിനായിരം ഉറുപ്പ്യ വേണം. എയര്‍പോര്‍ട്ടില്‍ നമ്മളെ സ്വീകരിക്കാനും പെട്ടി പിടിക്കാനും വി.ഐ.പി. ലോഞ്ചില്‍ കൊണ്ടിരുത്താനുമൊക്കെ ആളുണ്ടാകും. ഈ സുഖം ഇനിയൊരു ശീലമാകും. അപ്പോഴാണ് കുഴപ്പം. സ്ഥാനമൊക്കെ ഒരിക്കല്‍ നഷ്ടമാകുമല്ലോ. അപ്പോള്‍ ഒന്നു ഡല്‍ഹിയില്‍ പോവണം എന്നു തോന്നുമ്പോള്‍ വീടും പറമ്പും വിറ്റ് ടിക്കറ്റെടുക്കേണ്ടി വരും. അതിനു സാധിക്കില്ലെങ്കില്‍ സെക്കന്‍ഡ് ക്ലാസില്‍ കയറിയേ തീരൂ. മുന്‍പ് ഫസ്റ്റ് ക്ലാസില്‍ പോകുമ്പോള്‍ സെക്കന്‍ഡ് ക്ലാസുകാരെ പുച്ഛത്തോടെ നോക്കിയത് അവര്‍ മറന്നിട്ടുണ്ടാകില്ല. 'നിന്റെ സമയം കഴിഞ്ഞൂലേ...'എന്നവര്‍ പരിഹാസത്തോടെ ചോദിക്കുമ്പോള്‍ അത് താങ്ങാനുള്ള കെല്പ് നമുക്ക് ഉണ്ടാകണം.
കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് വരാനായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയതാണ്. അപ്പോഴതാ പിറകില്‍നിന്ന് ആരോ തോളില്‍ തട്ടുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍, മുന്‍ മന്ത്രി എം.എ. ബേബി. തോളിലൊരു സഞ്ചിയും കൈയിലൊരു ബാഗും പിടിച്ച്.
''ഞാന്‍ ചേട്ടനെ കാണാന്‍ പലയിടത്തും വന്നു, പലരോടും തിരക്കി. പക്ഷേ, ചേട്ടന്‍ വഴുതിമാറി പോകും. ഇന്നിതാ കണ്ടുമുട്ടി,' ബേബി ചിരിച്ചു.
'നമുക്ക് വി.ഐ.പി. ലോഞ്ചിലിരുന്ന് സംസാരിക്കാം. കാപ്പീം കുടിക്കാം,' ഞാന്‍ പറഞ്ഞു.
'ഇല്ല ചേട്ടാ, എനിക്ക് ചേട്ടന്റെയടുത്തല്ല സീറ്റ്. എന്റെ സീറ്റ് പിറകിലാണ്, ഇക്കണോമി ക്ലാസില്‍,' അദ്ദേഹം പറഞ്ഞു. എന്റെ ഓര്‍മകള്‍ പുറകോട്ടു പോയി. ബേബിയെ ഞാന്‍ മുന്‍പ് കാണുമ്പോള്‍ അദ്ദേഹം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാണ്. അന്ന് പോലീസും പാര്‍ട്ടി സഖാക്കളുമൊക്കെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹം തനിച്ചാണ്.
ഇതിനിടയില്‍ ഫസ്റ്റ് ക്ലാസിലെ യാത്രക്കാരുടെ പേരുകള്‍ അനൗണ്‍സ് ചെയ്യാന്‍ തുടങ്ങി. 'ചേട്ടനെയാ വിളിക്കുന്നത്, ചെല്ലൂ,' ബേബി പറഞ്ഞു. ഞാന്‍ മുന്നോട്ടും അദ്ദേഹം പിറകിലേക്കും നടന്നു. പോണപോക്കില്‍ ഞാന്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ അദ്ദേഹം ചിരിച്ചു, 'അങ്ങനെ നോക്കേണ്ട കൊല്ലത്തെ ജനങ്ങള്‍ എന്നോടു പറഞ്ഞു, ഇങ്ങനെ പോയാല്‍ മതീന്ന്.' പാര്‍ലമെന്റ് ഇലക്ഷനില്‍ കൊല്ലത്ത് തോറ്റതിനെക്കുറിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അതെന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ഞാന്‍ വി.ഐ.പി. ലോഞ്ചില്‍ പോയി യാത്രാരേഖകളൊക്കെ ശരിയാക്കിയശേഷം എം.എ. ബേബി ഇരിക്കുന്ന സ്ഥലത്തേക്ക് വന്നു. അവിടെ സാധാരണക്കാരായ ആളുകള്‍ക്കിടയില്‍ അദ്ദേഹം ഇരിക്കുന്നു. അതിലൊരു സങ്കടമോ അപകര്‍ഷബോധമോ അദ്ദേഹത്തിനില്ല.
ആ നിമിഷം ഞാന്‍ ആലോചിച്ചത്, പദവി നഷ്ടമായാല്‍ ഇതുപോലെ എനിക്കും സാധാരണക്കാരനാകാന്‍ പറ്റില്ലേ എന്നാണ്. അങ്ങനെ പറ്റാതെവന്നാല്‍ എന്താകും എന്റെ അവസ്ഥ? അതുകൊണ്ട് ആ ഒരു സാഹചര്യം മുന്നില്‍ക്കണ്ട് ജീവിക്കാന്‍ ഈ അനുഭവം പാഠമാക്കണം എന്നു ഞാന്‍ തീരുമാനിച്ചു."
Content Highlights: actor innocent reminding cpm leader ma baby