ചോദ്യപേപ്പർ ചോർച്ച; വിദ്യാർഥിസമരങ്ങളെ പിന്തുണയ്ക്കുന്നതായി എ.ബി.വി.പി.

കൊച്ചി: രാജ്യത്തെ മത്സരപരീക്ഷകളിലെ തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ വിദ്യാർഥlി പ്രക്ഷോഭങ്ങളെ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി.) പിന്തുണയ്ക്കുന്നതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി പറഞ്ഞു. സുതാര്യവും വിശ്വസനീയവുമായ പരീക്ഷാസംവിധാനത്തിനായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച ഉന്നതാധികാര സമിതിക്കുമുന്നിൽ എ.ബി.വി.പി. സമഗ്ര നിർദേശങ്ങൾ സമർപ്പിക്കും. ഝാർഖണ്ഡ്, ബിഹാർ, കർണാടക, പഞ്ചാബ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷകളിൽ ചോദ്യപേപ്പർ ചോരുന്നതിൽ സംഘടന ആശങ്ക അറിയിച്ചു. എറണാകുളത്തുനടന്ന എ.ബി.വി.പി. കേന്ദ്ര പ്രവർത്തക സമിതി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വീരേന്ദ്രസിങ് സോളങ്കി.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 'കാമ്പസ് ടു കാമ്പസ് വന്ദേമാതരം', 'ഏക് ഗാംവ്-ഏക് തിരംഗ' പ്രചാരണങ്ങൾക്ക് തുടക്കമിടും. വിദ്യാർഥികളെ ഡിജിറ്റൽ അടിമത്തത്തിൽനിന്നും കായിക-സൃഷ്ടിപരമായ വിനോദങ്ങളിലേക്ക് നയിക്കുന്നതിനുള്ള 'സ്‌ക്രീൻ ടൈം ടു ആക്റ്റിവിറ്റി ടൈം' പ്രചാരണം ശക്തമാക്കുമെന്നും വീരേന്ദ്രസിങ് പറഞ്ഞു.
നാഷണൽ സെക്രട്ടറി ശ്രാവൺ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. അശ്വതി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: ABVP supports student protests against nationwide exam paper leaks, Submission of formal recommendations to the central government's high-level committee, Launch of 'Campus to Campus Vande Mataram' and 'Ek Gaon-Ek Tiranga' campaigns, Promotion of 'Screen Time to Activity Time' initiative for students