അബു അരീക്കോടിന്റെ മരണം: ജനലില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത് റോഡിലൂടെ പോയ ആള്‍; സാമ്പത്തികപ്രശ്‌നമെന്ന് സൂചന

അരീക്കോട്(മലപ്പുറം): നിയമവിദ്യാര്‍ഥിയും അരീക്കോട് പൂങ്കുടി സ്വദേശിയുമായ അബു അരീക്കോടിനെ (നെല്ലിക്കുന്ന് വി. അബൂബക്കര്‍ സിദ്ദിഖ് എന്ന കുഞ്ഞാണി-28) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സാമൂഹിക മാധ്യമങ്ങളില്‍ സിപിഎമ്മിനുവേണ്ടി സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായിരുന്നു.
കോഴിക്കോട് കൈതപ്പൊയില്‍ മര്‍ക്കസ് ലോ കോളേജില്‍ എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ഥിയായ അബുവിനെ കോളേജിനടുത്ത് വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. ഇവിടെ സുഹൃത്തുക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.
രണ്ടാം ശനിയും ഞായറും അവധിയായതിനാല്‍ ഏതാനും സുഹൃത്തുക്കള്‍ നാട്ടില്‍ പോയിരുന്നു. ബാക്കിയുള്ള സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് അബു ഉറങ്ങാന്‍പോയി. ശനിയാഴ്ച രാവിലെ റോഡിലൂടെ പോയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വൊളന്റിയര്‍മാരാണ് ഒരാള്‍ ജനലില്‍ തൃങ്ങിനില്‍ക്കുന്നതുകണ്ട് വീട്ടിലുള്ള മറ്റു സുഹൃത്തുക്കളെ അറിയിച്ചത്.
സൈബര്‍ലോകത്ത് വളരെ സജീവമായിരുന്ന അബുവിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല. സാമ്പത്തികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് പട്ടാമ്പി സ്വദേശിനിയെ നിക്കാഹ് ചെയ്‌തെങ്കിലും തുടര്‍ന്നുള്ള ചടങ്ങുകള്‍ സാമ്പത്തികപ്രതിസന്ധിമൂലം നടന്നില്ലെന്നാണു പറയുന്നത്. പിതാവ്: അബ്ദുല്‍കരീം വഹബി. മാതാവ്: റുഖിയ്യ. ഭാര്യ: അമതുല്‍ ബാസിദ (പട്ടാമ്പി), സഹോദരങ്ങള്‍: ഉമറുല്‍ ഫാറൂഖ്, മുഹമ്മദ്, മുഹമ്മദ് നജീബ്, മുഹമ്മദ് മുജീബ്, റുഫൈദ, റാഷിദ, റാഫിദ, റഹീബ
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Law student Abu Areekode, known for his pro-CPM stance on social media, was found hanging in Kozhikode. Financial issues are suspected.